ജംഗിൾ സഫാരിക്ക് ആവേശ തുടക്കം! പാലായിൽ നിന്നും മലക്കപ്പാറയ്ക്കുള്ള ആദ്യ സർവ്വീസ് ആഘോഷമാക്കി സഞ്ചാരികൾ.


പാലാ: പാലായിൽ നിന്നും കെഎസ്ആർടിസി ഒരുക്കുന്ന മലക്കപ്പാറ ജംഗിൾ സഫാരിക്ക് ആവേശ തുടക്കം. ആദ്യ സർവ്വീസ് ഇന്ന് രാവിലെ 6 മണിക്ക് പാലാ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും പുറപ്പെട്ടു. 

 

 പാലാ എടിഓ അഭിലാഷ് യാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു. മലക്കപ്പാറയിലേക്കുള്ള യാത്രയ്ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചതെന്ന് എടിഓ പറഞ്ഞു. രണ്ടു കെഎസ്ആർടിസി ഡീലക്സ് ബസ്സുകളാണ് യാത്രയ്ക്കായി സജ്ജമാക്കിയത്. വീട്ടമ്മമാരും കുട്ടികളും യുവജനങ്ങളുമടക്കം യാത്രയുടെ ആവേശത്തിലാണ്. മലക്കപ്പാറയിലേക്ക് ഒരു ദിവസത്തെ കിടിലൻ ഉല്ലാസയാത്രയൊരുക്കിയിരിക്കുകയാണ് പാലാ കെ എസ് ആർ ടി സി. അഞ്ചിലധികം പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു വിസ്മയ കാഴ്ച്ചകൾ ആസ്വദിച്ചു തിരികെയെത്താവുന്ന ഒരു ദിവസത്തെ ഉല്ലാസയാത്രയാണ് കെ എസ് ആർ ടി സി ഒരുക്കുന്നത്. ദീപാവലി ദിനത്തിലും നവംബർ 7 ഞായറാഴ്ച്ചയും സർവ്വീസ് ക്രമീകരിച്ചിട്ടുണ്ട്. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം. മലക്കപ്പാറ വിനോദ സഞ്ചാരയാത്രയ്ക്ക് താത്പര്യമുള്ളവർക്ക് പാലാ ഡിപ്പോയിലെത്തി പണമടച്ചു സീറ്റുകൾ റിസർവ്വ് ചെയ്യാവുന്നതാണ്. കുടുംബസമേതവും കൂട്ടുകാർക്കൊപ്പമോ കുറഞ്ഞ ചിലവിൽ ഒരു കിടിലൻ ഏകദിന ട്രിപ്പ് എന്നതാണ് മലക്കപ്പാറ യാത്രയുടെ ശ്രദ്ധാ കേന്ദ്രം. എല്ലാ ഞായറാഴ്ചകളിലും പാലാ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നുമാണ് സർവ്വീസ് ആരംഭിക്കുന്നത്. അതിരപ്പള്ളി, വാഴച്ചാൽ, ഷോളയാർ, വഴി മലക്കപ്പാറയ്ക്കാണ് പ്രത്യേക വിനോദയാത്രാ സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. 2 x 2 സീറ്റുകളും എയർ സസ്പെൻഷനും ഉള്ള ഡീലക്സ് ബസ് അണ് ഇതിനായി ഉപയോഗിക്കുന്നത്. 522 രൂപയാണ് ടിക്കറ്റ് നിരക്ക്. വെള്ളച്ചാട്ടങ്ങളുടെ ഭംഗിയും മഴക്കാടുകളുടെ കുളിർമ്മയും പുൽമേടുകളിൽ മേയുന്ന സഹ്യൻ്റെ മക്കളേയും കാണാനും അവിസ്മരണീയ വിസ്മയ കാഴ്ച്ചകൾ അനുഭവിച്ചും മലക്കപ്പറയിലെത്താം. തേയിലത്തോട്ടങ്ങളിൽ മഞ്ഞ് പെയ്യുന്ന മനസ്സിനേ കുളിർപ്പിക്കുന്ന കാഴ്ച്ചകൾ കണ്ടാസ്വദിക്കാം. യാത്രയുടെ ഓർമ്മയ്ക്കായി ഫോട്ടോകൾ എടുത്ത് കുടുംബത്തോടപ്പമോ കൂട്ടുകാർക്കൊപ്പമോ ഒരു ദിനം ആവിസ്മരണീയമാക്കി തിരികെയെത്താനുള്ള സുവർണ്ണാവസരമാണ് പാലാ കെ എസ് ആർ ടി സി ഒരുക്കുന്നത്. രാവിലെ 6 മണിക്ക് പുറപ്പെട്ട് വൈകുന്നേരം തിരികെ വരുന്ന തരത്തിലാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. 

കൂടുതൽ വിവരങ്ങൾക്ക്:

KSRTC പാലാ Ph: 04822 212250 

Mob: 8921531106