കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് തന്നെ,പരിസ്ഥിതി ആഘാത പഠനം നടത്തി;മുഖ്യമന്ത്രി.


തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയായ കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ടു സമഗ്ര ആഘാത പഠനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.  


 സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് ആണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. സമഗ്ര ആഘാത പഠനം നടത്തുന്നതിനുള്ള ടെണ്ടർ നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ടു ജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കും.

സെമി ഹൈസ്പീഡ് റെയില്‍വേ ലൈന്‍ പദ്ധതിക്കായി കോട്ടയം ഉൾപ്പടെ 11 ജില്ലകളിലായി ഏറ്റെടുക്കുന്നത് 955 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. സിൽവർ ലൈൻ പദ്ധതിക്കായി കോട്ടയം ജില്ലയിൽ മാത്രം ഏറ്റെടുക്കുന്നത് 108.11 ഹെക്ടർ ഭൂമിയാണ്. കെ-റെയിൽ പദ്ധതിയുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കുമ്പോൾ കൃത്യമായ പുനരധിവാസ പദ്ധതിയുണ്ടാകും എന്നും കാലത്തിനനുസൃതമായ നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സെമി ഹൈസ്പീഡ് റെയില്‍വേ ലൈന്‍ പദ്ധതിക്കായി കോട്ടയം ഉൾപ്പടെ 11 ജില്ലകളിലെ സ്ഥലം ഏറ്റെടുക്കാൻ ഓഗസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗത്തിൽ തീരുമാനം കൈക്കൊണ്ടിരുന്നു.  സെമി ഹൈസ്പീഡ് റെയില്‍വേ കെ-റെയിൽ സിൽവർ ലൈന്‍ പദ്ധതിക്കായി സംസ്ഥാന സർക്കാരിന്റെ വിഹിതമായ 2100 കോടി രൂപ കിഫ്‌ബി വായ്പ നൽകും. കിഫ്ബിയുടെ ആവശ്യപ്രകാരം കെ-റെയിലിനെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായി തീരുമാനിച്ചു ഗതാഗത വകുപ്പ് ഉത്തരവിറക്കിയിരുന്നു.