കോട്ടയം: മണർകാട് ഗ്രാമപഞ്ചായത്തിൽ മണർകാട്- ഏറ്റുമാനൂർ ബൈപ്പാസിലെ വഴിയോര വിശ്രമ കേന്ദ്രമായ നാലുമണിക്കാറ്റിൽ വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ കൂടുതൽ സൗകര്യങ്ങളൊരുക്കി. രണ്ടു ടോയ്ലറ്റുകളുള്ള അമിനിറ്റി സെന്ററിന്റെ നിർമാണം പൂർത്തിയായി.
ടോയ്ലറ്റുകളിൽ ഒന്ന് ഭിന്നശേഷി സൗഹൃദമാണ്. 238 ചതുരശ്ര അടിയാണ് അമിനിറ്റി സെന്ററിന്റെ വിസ്തീർണ്ണം. പ്രദേശത്തെ ജൈവമാലിന്യസംസ്‌ക്കരണത്തിന് രണ്ട് ക്യുബിക് മീറ്റർ സംഭരണ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റ്, ശുദ്ധജലലഭ്യതയ്ക്ക് കിണർ എന്നിവയും നിർമിച്ചിട്ടുണ്ട്. ഇരിപ്പിടങ്ങൾ സൗന്ദര്യവത്ക്കരിക്കുകയും ചെയ്തു.
8,55,300 രൂപയാണ് നിർമാണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. ഏപ്രിൽ അവസാനമാരംഭിച്ച നിർമാണപ്രവർത്തനം സെപ്റ്റംബറിൽ പൂർത്തീകരിച്ചു. വൈദ്യുതി കണക്ഷൻ കൂടി ലഭിക്കുന്നതോടെ അമിനിറ്റി സെന്റർ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.