മണിമല: അപ്രതീക്ഷിതമായെത്തിയ പ്രളയം മുക്കിക്കളഞ്ഞത് മണിമലയിലെ 250 ഓളം വ്യാപാര സ്ഥാപനങ്ങളെ. മണിമലയാറിന്റെ പ്രളയക്കലിയിൽ വ്യാപാര സ്ഥാപനങ്ങൾക്കൊപ്പം മുങ്ങിപ്പോയത് വ്യാപാരികളുടെ സ്വപ്നങ്ങളും പ്രതീക്ഷയുമാണ്.

ഒപ്പം പ്രളയം വ്യാപാരികൾക്ക് സമ്മാനിച്ചത് ബാധ്യതകൾക്ക് മേൽ ബാധ്യതകളാണ്. കഴിഞ്ഞ ഒന്നര വർഷക്കാലമായി കോവിഡ് മൂലം പ്രതിസന്ധിയിലായിരുന്നു വ്യാപാരികൾ. കോവിഡ് തീർത്ത വ്യാപാര-സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും നേരിയതായി കരകയറി തുടങ്ങിയപ്പോഴാണ് വീണ്ടും പ്രളയത്തിന്റെ രൂപത്തിൽ മറ്റൊരു ദുരിതമെത്തുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും തുടർന്നുണ്ടായ പ്രളയത്തിലും മണിമലയാറിന്റെ തീരത്തെ മണിമല, മൂങ്ങാനി മേഖലകളിൽ വെള്ളം കയറുകയായിരുന്നു. നിമിഷനേരത്തിൽ ഇരച്ചെത്തിയ വെള്ളം മേഖലയെ മൂടുകയായിരുന്നു. പ്രളയം വിതച്ച ദുരിതങ്ങൾക്കിടയിൽ നിന്നും മണിമലയിലെ വ്യാപാര മേഖല പൂർണ്ണമായും കരകയറിയിട്ടില്ല. പ്രളയ ദുരിതത്തിനു ശേഷം ഒരാഴ്ച്ച പിന്നിട്ടപ്പോഴും എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തനം ആരംഭിച്ചിട്ടില്ല. ചില കെട്ടിടങ്ങൾക്ക് വെള്ളം കയറിയതോടെ ബലക്ഷയം സംഭവിച്ചിട്ടുണ്ട്. വ്യാപാര മേഖലയിൽ മുഴുവനായി 10 കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ചെറുതും വലുതുമായ നിരവധി വ്യാപാര സ്ഥാപങ്ങളാണ് മണിമല, മൂങ്ങാനി മേഖലകളിൽ ഉണ്ടായിരുന്നത്. വീടിനോട് ചേർന്ന് ചെറുകിട കച്ചവട സ്ഥാപനങ്ങൾ നടത്തിയിരുന്നവരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. ദിവസവരുമാനമെന്ന നിലയിലായിരുന്നു ഇവർ വീടിനോട് ചേർന്ന് ചെറുകിട കച്ചവടങ്ങൾ നടത്തിയിരുന്നത്. പലചരക്ക്, പഴം, പച്ചക്കറി വ്യാപരികൾക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. മെഡിക്കൽ സ്റ്റോറിലും ലേഡീസ് സ്റ്റോറിലും ബേക്കറികളിലും വെള്ളം കയറി. മണിമലയിലെ പെട്രോൾ പമ്പും മുങ്ങിയിരുന്നു. മൂങ്ങാനി മേഖലയിൽ മുഴുവൻ കടകളും മുങ്ങിയ സ്ഥിതിയിലായിരുന്നു. ദുരിതക്കയത്തിൽ നിന്നും അതിജീവനത്തിന്റെ പാതയിലാണ് ഇപ്പോൾ മണിമലയിലെ വ്യാപരികൾ.  ഇരുമേഖലകളിലുമായി വ്യാപാര സ്ഥാപനങ്ങൾ ശുചീകരണത്തിനും അറ്റകുറ്റപ്പണികൾക്കും ശേഷം തുറന്നു പ്രവർത്തനം ആരംഭിച്ചു. പ്രളയം അവശേഷിപ്പിച്ച ദുരന്ത മുഖത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴും മണിമലയിൽ നിന്നും മാഞ്ഞിട്ടില്ല. മുഴുവൻ വ്യാപാര സ്ഥാപനങ്ങളും പഴയ പോലെ പ്രവർത്തിച്ചു വരാൻ ഇനിയും നാളുകളെറെയെടുക്കും. കടബാധ്യതകളാണ് വ്യാപാരികളെ കുഴയ്ക്കുന്നത്. ഭൂരിപക്ഷം വ്യാപരികൾക്കും ലോണുകളും മറ്റു സാമ്പത്തിക ബാധ്യതകളുമുണ്ട്. പ്രളയം ദുരിതം വിതച്ചതോടെ വീണ്ടും വ്യാപരികൾക്ക് ബാധ്യതകൾ കൂടുകയാണ്. അറ്റകുറ്റപണികൾക്കും നവീകരണത്തിനുമായി വീണ്ടും ലോൺ എടുക്കേണ്ട അവസ്ഥയിലാണ് വ്യാപരികൾ. കുറഞ്ഞ പലിശയിൽ വ്യാപരികൾക്ക് വായ്പ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു എംഎൽഎ യ്ക്കും എംപി ക്കും മന്ത്രി വി എൻ വാസവനും മുഖ്യമന്ത്രി പിണറായി വിജയനും വ്യാപാരി സംഘടന നിവേദനം നൽകി.