മണിമലയാറിന്റെ പ്രളയക്കലിയിൽ ബാക്കിയായത് മാലിന്യ കൂമ്പാരങ്ങൾ.


കാഞ്ഞിരപ്പള്ളി: ശാന്തമായൊഴുകുന്ന മണിമലയാറിൽ നിക്ഷേപിച്ച മാലിന്യങ്ങളെല്ലാം കലിപൂണ്ടു കരയിലേക്ക് വീണ്ടും തിരികെ നൽകിയിരിക്കുകയാണ് മണിമലയാർ. ജില്ലയിൽ മണിമലയാർ ഒഴുകുന്ന തീര പ്രദേശങ്ങളിൽ ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത് മാലിന്യ കൂമ്പാരങ്ങളാണ്. മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും ചേനപ്പടിയിലും മണിമലയിലും ഉൾപ്പടെ പാലങ്ങളോട് ചേർന്ന് മാലിന്യ കുന്നുകൾ രൂപപ്പെട്ടുകഴിഞ്ഞു. മാലിന്യങ്ങൾ വീണ്ടും പുഴയിലേക്ക് തിരിച്ചു തള്ളാതെ ശാസ്ത്രീയമായ രീതിയിൽ നിർമ്മാർജ്ജനം ചെയ്യണമെന്ന ആവശ്യത്തിലാണ് മണിമലയാറിന്റെ സമീപ വാസികൾ. വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗ്യാസ് കുറ്റികൾ തുടങ്ങി പ്രളയം കവർന്നെടുത്ത വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെതുമടക്കം നിരവധി സാധന സാമഗ്രികളാണ് അറിലൂടെ ഒഴുകിപ്പോയത്. പ്ലാസ്റ്റിക്ക് കുപ്പികൾ, തെർമോകോൾ, പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾ തുടങ്ങി അനവധിയായ മാലിന്യങ്ങളാണ് പാലങ്ങൾക്ക് സമീപവും തീര പ്രദേശങ്ങളിലും അടിഞ്ഞു കൂടിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി, മണിമല, മുണ്ടക്കയം,എരുമേലി തുടങ്ങി മണിമലയറിനു തീര മേഖലകളിലെല്ലാം വെള്ളം കയറി. നിലവിൽ വെള്ളം റോഡിൽ നിന്നും ഇറങ്ങിയെങ്കിലും മാലിന്യ നീക്കങ്ങൾ നടക്കുന്നതേയുള്ളു. വെള്ളം കയറിയ വ്യാപാര സ്ഥാപനങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നു.