പ്രളയ താണ്ഡവം: കോട്ടയം ജില്ലയിൽ പൊലിഞ്ഞത് 13 ജീവനുകൾ.


മുണ്ടക്കയം: കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും പ്രളയത്തിലും കോട്ടയം ജില്ലയിൽ മരിച്ചവരുടെ എണ്ണം 13 ആയി. കൂട്ടിക്കലിലെ കാവാലിയിൽ ഉരുൾപൊട്ടലിൽ കാണാതായ ഒട്ടലാങ്കൽ (വട്ടാളക്കുന്നേൽ) മാർട്ടിന്റെയും (റോയ് –47) മക്കളായ സ്നേഹ (13), സാന്ദ്ര (9) എന്നിവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസവും മാർട്ടിന്റെ ഭാര്യയുടെയും മറ്റൊരു മകളുടെയും അമ്മയുടെയും മൃതദേഹങ്ങൾ ശനിയാഴ്ചയും കണ്ടെത്തിയിരുന്നു. പ്ലാപ്പള്ളി ആറ്റുചാലിൽ ജോബിയുടെ ഭാര്യ സോണിയ (45),  മകൻ അലൻ (14), പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ(58) മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്നി (48) എന്നിവരുടെ മൃതദേഹങ്ങളും കണ്ടെടുത്തിരുന്നു. കോട്ടയം ജില്ലയിൽ ശക്തമായ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ടു കാണാതായ 3 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇളംകാട് ഓലിക്കൽ ഷാലറ്റ് (29), ഏന്തയാർ ഇളംതുരുത്തിയിൽ സിസിലി (50), പനച്ചേപ്പള്ളി സ്രാമ്പിക്കൽ പരേതനായ രാഘവന്റെ ഭാര്യ രാജമ്മ (65) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.