ശബരി വിമാനത്താവളം നാടിന്റെ ഹൃദയവികാരം; അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ.


എരുമേലി: ശബരി വിമാനത്താവളം നാടിന്റെ ഹൃദയവികാരം ആണെന്നും നാടിന്റെ സാമ്പത്തിക ഉന്നമനത്തിനും സർവ്വതോന്മുഖമായ പുരോഗതിക്കും ഇടയാക്കുന്ന ശബരി വിമാനത്താവള പദ്ധതി നടപ്പിലാക്കണമെന്നും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. 


















വിമാനത്താവളവുമായി ബന്ധപ്പെട്ട ലോകത്തിലെ തന്നെ മികച്ച കൺസൾട്ടൻസി കമ്പനികളിലൊന്നായ അമേരിക്കൻ കമ്പനി ലൂയി ബഗ്റൂം ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവള നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടും വ്യത്യസ്ത അഭിപ്രായം കേന്ദ്ര വ്യോമയാന ഡയറക്ടർ ജനറൽ പുറപ്പെടുവിച്ചിരിക്കുന്നതിൽ ദുരൂഹത ഉണ്ടോ എന്നും ആരുടെയെങ്കിലും അജണ്ട നടപ്പിലാക്കാനുള്ള ശ്രമം ആണോ എന്നും പരിശോധിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭാരതത്തിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയിലേക്ക് എത്തുന്ന കോടിക്കണക്കിന് അയ്യപ്പ ഭക്തർക്ക് എരുമേലിയിൽ ചെറുവള്ളി എസ്റ്റേറ്റിൽ ഒരു വിമാനത്താവളം യാഥാർത്ഥ്യമാവുക വഴി കൂടുതൽ സൗകര്യപ്രദമാകുമെന്നും എംഎൽഎ പറഞ്ഞു. അതോടൊപ്പം മലയോര മേഖലകളായ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളുടെ സമഗ്രവും സമ്പൂർണവുമായ വികസനത്തിനും ഉപകരിക്കും എന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. കാർഷിക വ്യാപാര മേഖലകളുടെയും ഗ്രാമീണ ജനതയുടെയും വലിയ പുരോഗതിക്കും വിദ്യാഭ്യാസ വളർച്ചയ്ക്കും ഇടയാക്കുന്നതും തൊഴിൽമേഖലകളിൽ ഉണർവ് ഉണ്ടാക്കുന്നതിനും ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഏറെ പ്രയോജനകരവുമാണ് ഈ പദ്ധതി എന്ന് എംഎൽഎ പറഞ്ഞു.