കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയം തടസം കൂടാതെ പ്രവർത്തിക്കാൻ നടപടി സ്വീകരിക്കും.


കോട്ടയം: കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയം തടസം കൂടാതെ പ്രവർത്തിക്കാൻ നടപടി സ്വീകരിക്കും എന്ന് തോമസ് ചാഴികാടൻ എംപി പറഞ്ഞു. 



















ഇന്നലെ ജില്ലാ കളക്ടറുടെ ചേംബറിൽ കൂടിയ യോഗത്തിൽ കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. 2015ൽ ജോസ്.കെ.മാണിയുടെ ശ്രമഫലമായി അനുവദിച്ച കടുത്തുരുത്തി കേന്ദ്രിയ വിദ്യാലയം വെള്ളൂർ എച്ച്.എൻ.എൽ  കോമ്പൗണ്ടിലെ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളോടെ പ്രവർത്തനം ആരംഭിച്ച കേന്ദ്രീയ വിദ്യാലയത്തിൽ നിലവിൽ ഒന്ന് മുതൽ പത്തു വരെ ക്ലാസ്സുകളിലായി 504 വിദ്യാർഥികൾ പഠിച്ചു വരുന്നു. നിലവിൽ  കെട്ടിടങ്ങളുടെ മേൽക്കൂര ആസ്ബസ്റ്റോസ് ഷീറ്റ് ആയതിനാൽ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. ഇക്കാര്യത്തിന് പരിഹാരമുണ്ടാക്കുവാൻ കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന്റെ ചെയർമാൻ കൂടിയായ ജില്ലാ കളക്ടറുമായി വിഷയത്തിൽ ചർച്ച നടന്നു. നവീകരണ പ്രവർത്തനങ്ങൾക്ക് എം.പി ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും എം.പി ഫണ്ടുമായി ബന്ധപ്പെട്ട നിബന്ധനകൾ അതിന് അനുവദിക്കുന്നില്ല എന്ന് ജില്ലാ കളക്ടർ അറിയിച്ചതായി തോമസ് ചാഴികാടൻ എംപി പറഞ്ഞു. കെട്ടിടങ്ങൾ കിൻഫ്രയുടെ ഉടമസ്ഥതയിൽ ആയതിനാൽ കെട്ടിടങ്ങളുടെ നവീകരണം കിൻഫ്ര നടത്തണമെന്ന് യോഗത്തിൽ ഓൺലൈൻ ആയി പങ്കെടുത്ത കിൻഫ്ര ജനറൽ മാനേജരോടും എച്ച്.എൻ.എൽ സ്പെഷ്യൽ ഓഫീസറോടുംആവശ്യപ്പെട്ടു. 2015ൽ ആരംഭിച്ച സ്കൂളിൽ ഈ വർഷം പത്താം  ക്ലാസ്സിലെ ആദ്യ ബാച്ച് പരീക്ഷ എഴുതി. പതിനൊന്നാം ക്ലാസ് ആരംഭിക്കുന്നതിന് കെട്ടിട സൗകര്യങ്ങളുടെ അപര്യാപ്തത മൂലം സി.ബി.എസ്.ഇബോർഡിൻറെ അംഗീകാരം ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാർ കേന്ദ്രീയ വിദ്യാലയത്തിനായി അനുവദിച്ച 8 ഏക്കർ ഭൂമി മണ്ണിട്ടു നിരപ്പാക്കി നിർമാണ പ്രവർത്തനങ്ങൾക്ക് അനുയോജ്യമാക്കി കൈമാറിയാൽ മാത്രമേ സ്കൂൾ കെട്ടിടം നിർമാണം ആരംഭിക്കാൻ കഴിയൂ എന്നും എംപി പറഞ്ഞു. കേന്ദ്രീയ വിദ്യാലയ അതോറിറ്റിയിൽ നിന്നും 30.20 കോടി രൂപ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. അനുവദിച്ച സ്ഥലം നികത്താൻ നെൽവയൽ നീർത്തട സംരക്ഷണ നിയമം 2008 പ്രകാരം അനുവാദം നൽകേണ്ട സംസ്ഥാനതല നിരീക്ഷണ സമിതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ അടിയന്തിര തീരുമാനം എടുക്കണമെന്ന് സമിതി ചെയർമാനോട് രേഖാമൂലം ആവശ്യപെട്ടിരുന്നതായും തോമസ് ചാഴികാടൻ പറഞ്ഞു. എച്ച്.എൻ.എൽ കോമ്പൗണ്ടിലെ കെട്ടിടങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തിയാക്കണമെന്നതിനാൽ ഇതിന് ആവശ്യമായ തുക ലഭ്യമാക്കുവാൻ പി.റ്റി.എ യുടെ നേതൃത്വത്തിൽ പരിശ്രമം നടത്തുമെന്ന് രക്ഷകർത്താക്കൾ യോഗത്തിൽ അറിയിച്ചു.