മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ടു കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി.


കോട്ടയം: കോട്ടയം കുമാരനല്ലൂരിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ടു കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. കുമാരനല്ലൂർ സ്വദേശി അനുപമയിൽ ചന്ദ്രശേഖരൻ നായരുടെ(78) മൃതദേഹമാണ് ഇന്ന് വൈകുന്നേരത്തോടെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് കുളിക്കാനായി മീനച്ചിലാറ്റിൽ ഇറങ്ങവേ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്നലെ ഫയർ ഫോഴ്‌സ് സംഘം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ മുതൽ കോട്ടയം, വൈക്കം ഫയർ ഫോഴ്‌സ് സ്‌കൂബാ സംഘങ്ങളും ഈരാറ്റുപേട്ട നന്മക്കൂട്ടം പ്രവർത്തകരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.