നാട്ടുകാരുടെ നടുവൊടിച്ച് മോസ്കൊ റോഡും കാളീശ്വരം റോഡും.


തലയാഴം: കുഴിയിൽ നിന്നും കുഴികളിലേക്ക് ചാടി യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികളാണ് മോസ്കൊ റോഡിലും കാളീശ്വരം റോഡിലും രൂപപ്പെട്ടിരിക്കുന്നത്. കൂവത്തേക്കുള്ള രണ്ടു പ്രധാന റോഡുകളാണ് ഇത് രണ്ടും. കിലോമീറ്ററുകൾ നീണ്ട റോഡിൽ ഭൂരിഭാഗം സ്ഥലങ്ങളിലും റോഡിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വാഹന യാത്ര പോലും ഇപ്പോൾ ഇ വഴി ദുഷ്ക്കരമായിരിക്കുകയാണ്.

ഇരുചക്ര വാഹന യാത്രികരാണ് കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. മഴ പെയ്യുന്നതോടെ കുഴികളിൽ വെള്ളം നിറയുന്നതോടെ ഇരുചക്ര വാഹന യാത്രികർ അപകത്തിൽപ്പെടുന്നതും പതിവായിരിക്കുകയാണ്. അപകടത്തിൽപ്പെട്ടു ഒരു ജീവൻ പൊലിയുന്നത്തിനു മുൻപ് റോഡിലെ കുഴികൾ അടയ്ക്കണമെന്ന ആവാശ്യത്തിലാണ് നാട്ടുകാർ. വർഷങ്ങളായി ഈ രണ്ടു റോഡിന്റെയും അവസ്ഥ ഇതുതന്നെയാണെന്നു നാട്ടുകാർ പറയുന്നു.

നിരവധി തവണ അധികാരികൾക്ക് പരാതികളും നിവേദനങ്ങളും നൽകിയിട്ടും നാളിതുവരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ല എന്ന് നാട്ടുകാർ പറഞ്ഞു. ദിവസേന നിരവധി വാഹനങ്ങളും നൂറുകണക്കിന് യാത്രക്കാരുമാണ് ഈ രണ്ടു റോഡുകളെ ആശ്രയിക്കുന്നത്. വളരെ വേഗത്തിൽ റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചു റോഡ് മികച്ച രീതിയിൽ സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.