ചങ്ങനാശ്ശേരി: അത്യപൂർവ്വ ശസ്ത്രക്രിയയിലൂടെ ചങ്ങനാശ്ശേരി സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് പുതുജീവൻ നൽകി സെന്റ്.തോമസ് ആശുപത്രി. ചങ്ങനാശ്ശേരി സ്വദേശിനിയായ വിദ്യാർത്ഥിനിയായാണ് 12 മണിക്കൂർ നീണ്ടു നിന്ന അത്യപൂർവ്വ ശസ്ത്രക്രിയയിലൂടെ പുതുജീവിതത്തിലേക്ക് തിരികെയെത്തിയത്. ആശുപത്രിയിലെ ന്യുറോ സർജറി വിഭാഗത്തിന്റെ വലിയ നേട്ടമായി മാറിയിരിക്കുകയാണ് ഈ ശസ്ത്രക്രിയ.
ഒരു മാസം മുൻപാണ് വിദ്യാർത്ഥിനി കഠിനമായ തലവേദനയേ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ തലച്ചോറിലെ ഫ്ലോർ ഓഫ് ഫോർത്ത് വെൻട്രിക്കിളിനോട് ചേർന്ന് ഒരു വലിയ മുഴ കണ്ടെത്തുകയായിരുന്നു. സെറിബെല്ലത്തിന്റത്രയും വലിപ്പമുള്ള ടെസ്‌മോപ്ലാസ്റ്റിക്ക് മെഡുല്ലോബ്ലാസ്‌റ്റോമ എന്ന വലിയ മുഴയാണ് സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.
ന്യുറോ സർജറി വിഭാഗം മേധാവി ഡോ. അനീസ് എം മുസ്തഫ, ഡോ.സാജൻ എം ജോർജ്, ഡോ.കുക്കു ജോൺ, ഡോ.ആണ് അബൂബക്കർ നേഴ്സുമാരായ ജിഷ റാണി, മരിയ ജോസഫ്, ടിന്റു ജേക്കബ്ബ്, രാകേഷ് ശേഖർ എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിൽ നിന്നും മടങ്ങിയതായും അധികൃതർ അറിയിച്ചു.