മണിമല ഗ്രാമപഞ്ചായത്തിൽ നടത്തപ്പെടുന്ന കോവിഡ് ആർടിപിസിആർ ടെസ്റ്റ് ക്യാമ്പിനോട് എല്ലാവരും സഹകരിക്കണം; ജെയിംസ് പി സൈമൺ.


മണിമല: മണിമല ഗ്രാമപഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തിന്റെ ടി പി ആർ നിരക്ക് കുറച്ചു കൊണ്ട് വരുന്നതിനായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ആർ ടി പി സി ആർ ടെസ്റ്റ് ക്യാമ്പിനോട് സഹകരിക്കാതെ ജനങ്ങൾ. 

കോവിഡ് പോസിറ്റിവിറ്റി നിരക്കിൽ മണിമല ഗ്രാമപഞ്ചായത്ത് ജില്ലയിൽ മൂന്നാം സ്ഥാനത്താണ് എന്ന് കണ്ടപ്പോഴാണ് പഞ്ചായത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചു കൊണ്ടുവരാൻ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആർ ടി പി സി ആർ ടെസ്റ്റ് ക്യാമ്പ് നടത്താൻ തീരുമാനിച്ചത് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമൺ പറഞ്ഞു. കോട്ടയം ജില്ലാ കോവിഡ് ടെസ്റ്റ് മൊബൈൽ ടീമിന്റെ നേതൃത്വത്തിൽ കരിമ്പനക്കുളം എസ് എച് പള്ളിയുടെ പാരീഷ് ഹാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

എല്ലാ വാർഡുകളിലും മെമ്പർമാർ മുഖേന വിവരങ്ങൾ അറിയിച്ചെങ്കിലും 200 പേർക്കുള്ള ആർ ടി പി സി ആർ ടെസ്റ്റ് ക്യാമ്പിൽ പരിശോധനയ്ക്കായി എത്തിയത്  74 പേർ മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. ടി പി ആർ കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്നും ടി പി ആർ നിരക്ക് കുറച്ചെങ്കിലും മാത്രമേ ഗ്രാമപഞ്ചായത്ത് പരിധിയിൽ ലോക്ക് ഡൗൺ ഇളവുകൾ ലഭ്യമാകുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ പിൻവലിക്കപ്പെടുമ്പോഴും മണിമല പഞ്ചായത്തിൽ ലോക്ഡൗൺ ഇളവുകൾ ലഭിക്കാതെ പോകുന്നത് ടി പി ആർ കൂടി നിൽക്കുന്നതു കൊണ്ടാണ്.

വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 12 വരെ മുക്കട കമ്യൂണിറ്റി ഹാളിൽ വച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ആന്റിജൻ ടെസ്റ്റ് നടക്കുകയാണ് പരമാവധിയാളുകൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമൺ പറഞ്ഞു.