ഏറ്റുമാനൂരിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഒരു കുടുംബത്തിലെ 4 പേർക്ക് ഷോക്കേറ്റു.


ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഒരു കുടുംബത്തിലെ 4 പേർക്ക് ഷോക്കേറ്റു. ഏറ്റുമാനൂർ പേരൂർ സ്വദേശിയായ ടി എൻ സുധീർ(45) മക്കളായ സിദ്ധാര്‍ത്ഥ് (18), ആദിത് (15), അര്‍ജുന്‍ (13), സുധീറിന്റെ സഹോദരിപുത്രന്‍ രഞ്ജിത് എന്നിവര്‍ക്കാണ്  പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും വൈദ്യുതാഘാതമേറ്റത്.

ഇന്ന് വൈകിട്ട് 8 മണിയോടെയായിരുന്നു അപകടം. ഇവരെ ഏറ്റുമാനൂർ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ മുൻഭാഗത്തായി വൈദ്യുതി കമ്പി പൊട്ടി വീണതറിയാതെ മുറ്റത്തിറങ്ങിയ സുധീറിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. പിതാവ് വീഴുന്നത് കണ്ടു ഓടിയെത്തിയ മക്കൾക്കും സഹോദരീ പുത്രനും വൈദ്യുതാഘാതമേൽക്കുകയായിരുന്നു.

ഓടിയെത്തിയ അയൽക്കാരും ബന്ധുക്കളും തടി ഉപയോഗിച്ച് വൈദ്യുതി കമ്പി ഉയർത്തി ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കെ എസ് ഇ ബി ഉദ്യോഗസ്ഥർ വൈദ്യുത ബന്ധം വിച്ഛേദിക്കുകയായിരുന്നു. വൈദ്യുതാഘാതമേറ്റ് തെറിച്ചു വീണ അർജുന്റെ തലക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.