എം.ജി സർവ്വകലാശാല വീണ്ടും അന്തർദേശീയ തലത്തിലേക്ക്, അന്തർദേശീയ പോളാർ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി 24ന് നിർവ്വഹിക്കും.


കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ഖ്യാതി അന്താരാഷ്ട്രതലത്തിൽ എത്താൻ ഒരു ചുവടു കൂടി വയ്ക്കുകയാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് അഭിമാനിക്കാവുന്ന പുതിയ കാൽവയ്പ്പാണിത്. അന്തർദേശീയ പോളാർ പഠന കേന്ദ്രത്തി (International Centre for Polar Studies - (ICPS) ന്റെ ഉദ്ഘാടനം ഈ മാസം  24ന് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

ഓൺലൈനായി നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷയായിരിക്കും. ചടങ്ങിൽ ലോഗോ പ്രകാശനം രജിസ്‌ട്രേഷൻ-സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർഹിക്കും. സർവ്വകലാശാല സ്‌കൂൾ ഓഫ് എൻവയൺമെന്റൽ സ്റ്റഡീസിലെ ഗവേഷകർ 2014 മുതൽ ഇന്ത്യയുടെ ആർട്ടിക് പര്യവേഷക സംഘത്തിലെ അംഗങ്ങളാണ്. പ്രോ-വൈസ് ചാൻസലർ ഡോ. സി. ടി. അരവിന്ദകുമാറാണ് പുതിയ കേന്ദ്രത്തിന്റെ മേധാവി.

ആർട്ടിക്, അന്റാർട്ടിക്,ഹിമാലയൻ,ദക്ഷിണ സമുദ്ര മേഖലകളെ കുറിച്ചുള്ള സമഗ്ര പഠനമാണ് ഇവിടെ ലക്ഷ്യമിടുന്നത്. മനുഷ്യന്റെ ആവാസ മേഖലയുടെ സംരക്ഷണം,വികസനം  എന്നിവ സംബന്ധിച്ച്  നയരൂപീകരണത്തിന് കേന്ദ്ര സർക്കാരിനെ  സഹായിക്കുന്ന പഠനങ്ങളും നിർദേശങ്ങളും  ഇനി ഈ കാമ്പസിൽ നിന്ന് ഉണ്ടാകും.