അവിടെങ്ങനെ? ഇവിടിങ്ങനെ! ഇളവിനൊപ്പം നാട്ടിലെങ്ങും താരമായി 'ടി പി ആർ'!


കോട്ടയം: സംസ്ഥാന വ്യാപക ലോക്ക് ഡൗൺ പിൻവലിച്ചതോടെ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളും ഇളവുകളും ഏർപ്പെടുത്തിയതോടെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലാവരും ഒരേ സ്വരത്തിൽ ചോദിക്കുന്നതും സംസാരിക്കുന്നതും ടി പി ആറിനെ പറ്റിയാണ്.

ടി പി ആർ ആണ് ഇപ്പോൾ ഓരോ മേഖലയിലും എങ്ങനെയെന്ന് തീരുമാനിക്കുന്ന കാര്യക്കാരൻ. ടി പി ആർ പിണങ്ങി നിൽക്കുന്ന മേഖലകൾ സമ്പൂർണ്ണ ലോക്ക് ഡൗൺ മേഖലകളും ഭാഗിക ലോക്ക് ഡൗൺ മേഖലകളുമാണ്. ഈ മേഖലകളിലെ നഗരസഭകളും ഗ്രാമപഞ്ചായത്തുകളും ടി പി ആറിനെ വരുതിയിലാക്കാനുള്ള പ്രതിരോധ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇന്ന് രാവിലെ മുതൽ രണ്ടു പേർ തമ്മിൽക്കണ്ടാൽ ചോദിക്കുന്നത് എന്തുണ്ട് വിശേഷം എന്നല്ല, മറിച്ച് അവിടെ ടി പി ആർ എങ്ങനെ എന്നുള്ള ചോദ്യമാണ്.

യാത്ര ചെയ്യും മുൻപ് പോകുന്ന മേഖലയിലെ ടി പി ആർ അറിയേണ്ടത് അത്യാവശ്യമാണ്. ചുരുക്കത്തിൽ സംസാരത്തിനിടെ ആദ്യമോ ഇടയ്‌ക്കോ ടി പി ആർ കയറി വരുമെന്നതിൽ സംശയമില്ല. അങ്ങനെ നാട്ടിലെ താരമായി മാറിയിരിക്കുകയാണ് ടി പി ആർ. കോട്ടയം ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളെ  കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളായി തിരിച്ച് ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഒരാഴ്ച്ചത്തേക്കുള്ള ഇളവുകളും നിയന്ത്രണങ്ങളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ജൂണ്‍ 23ന് നടത്തുന്ന അവലോകനത്തില്‍ പോസിറ്റിവിറ്റിയില്‍ വരുന്ന മാറ്റം വിലയിരുത്തി കാറ്റഗറികള്‍ പുനര്‍നിര്‍ണയിക്കും. പോസിറ്റിവിറ്റി 30 ശതമാനത്തിന് മുകളിൽ,  പോസിറ്റിവറ്റി 20ശതമാനത്തിനും 30 ശതമാനത്തിനും ഇടയിൽ, പോസിറ്റിവിറ്റി 8 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിൽ, പോസിറ്റിവിറ്റി എട്ടു ശതമാനത്തില്‍ താഴെ എന്നിങ്ങനെയാണ് 4 മേഖലകൾ.