അനശ്വരയുടെ സ്വപ്നങ്ങൾക്ക് കൈത്താങ്ങായി സുപ്രീം കോടതി അഭിഭാഷകരായ മലയാളി ദമ്പതികൾ.


എരുമേലി: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പൊറോട്ടയടിക്കുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലാകെ വൈറലായി മാറിയിരിക്കുകയാണ്. കോട്ടയം കാഞ്ഞിരപ്പള്ളി പുത്തൻ കൊരട്ടി സ്വദേശിനിയായ അനശ്വരയാണ്(23) സമൂഹമാധ്യമങ്ങളിൽ താരമായി മാറിയ ആ പെൺകുട്ടി.

ഇപ്പോൾ ഇതാ അനശ്വരയുടെ സ്വപ്നങ്ങൾക്ക് കൈത്താങ്ങായി സുപ്രീം കോടതി അഭിഭാഷകരായ മലയാളി ദമ്പതികൾ എത്തിയിരിക്കുകയാണ്. എൽഎൽബി പഠനത്തിന് ശേഷം ഡൽഹിയിൽ പ്രവർത്തിക്കുന്ന ന്യൂട്ടൻസ് ലോ എൽഎൽപിയിൽ ട്രെയിനിയായി ക്ഷണിച്ചിരിക്കുകയാണ് അനശ്വരയെ ഇവർ. എറണാകുളം തൃപ്പൂണിത്തുറ സ്വദേശികളായ മനോജ് വി ജോർജ്, ശിൽപ ലിസ ജോർജ് എന്നിവരാണ് അനശ്വരയുടെ സ്വപ്നങ്ങൾക്ക് നിറം പകരാനെത്തിയത്. വർഷങ്ങളായി വീടിനോടു ചേർന്നുള്ള ഇവരുടെ ഹോട്ടലിൽ 13 വർഷമായി അമ്മ സുബിയെ സഹായിക്കാനായി പൊറോട്ടയടിക്കുന്നുണ്ട് തൊടുപുഴ അൽ അസ്ഹർ ലോ കോളജിൽ അവസാന നിയമ വിദ്യാർഥിയായ അനശ്വര.

കോവിഡ് മൂലമുണ്ടായ പ്രതിസന്ധികളിലും മുഖത്തെ പുഞ്ചിരിത്തിളക്കം മായാതെ കുടുംബത്തിനൊപ്പമാണ് അനശ്വര. പഠനത്തിനാവശ്യമായ ലാപ്റ്റോപ്പ് നൽകുമെന്നും ഇവർ പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ നിന്നും എരുമേലി റൂട്ടിൽ പുത്തൻ കൊരട്ടി, കുറുവാമൂഴി എന്ന സ്ഥലത്താണ് അനശ്വരയുടെ ആര്യ ഹോട്ടൽ പ്രവർത്തിക്കുന്നത്.