മഹാമാരിക്കാലത്ത് കരുതലിന്റെ പ്രതിരോധം തീർത്ത് കോട്ടയം സിവിൽ ഡിഫൻസ് സേനാംഗങ്ങൾ.


കോട്ടയം: പ്രളയവും കോവിടുമടക്കം മഹാമാരികൾ ഒന്നിന് പിന്നാലെ മറ്റൊന്നായി അപ്രതീക്ഷിതമായി എത്തുമ്പോൾ ദുരന്തമുഖത്ത് വിറങ്ങലിച്ചു നിൽക്കുന്ന ജനങ്ങൾക്ക് ഈ മഹാമാരിക്കാലത്ത് കരുതലിന്റെ പ്രതിരോധം തീർക്കുകയാണ് കോട്ടയം ജില്ലയിലെ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ. ദുരന്തമുഖത്ത് അടിയന്തിര ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടത്തി കരുതൽ തീർക്കുകയാണ് സിവിൽ ഡിഫൻസ്.

ഒരു വർഷത്തിനുമിപ്പുറം കോവിഡ് മഹാമാരി നമ്മളെ വിടാതെ പിന്തുടരുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങളിൽ മാത്രമല്ല അവശ്യ ഘട്ടങ്ങളിൽ മരുന്നുകളും മറ്റു അവശ്യ വസ്തുക്കളും എത്തിച്ചു നൽകി പൊതുജനങ്ങൾക്ക് കരുതലിന്റെ പ്രതിരോധ വലയം തീർക്കുകയായിരുന്നു സിവിൽ ഡിഫൻസ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പോലീസിനൊപ്പം പരിശോധനകളിലും ഇവർ ഭാഗമായി. ലോക്ക് ഡൗൺ മേഖലകളിലും കണ്ടെയിന്മെന്റ് സോണുകളിലും സിവിൽ ഡിഫൻസിന്റെ സേവനം വിലമതിക്കാനാകാത്തതാണ്. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടർന്നിരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയവരാണ് ജില്ലയിലെ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ.

കോവിഡ് സ്ഥിരീകരിച്ച വാർഡുകളിലെ പൊതു സ്ഥലങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, അംഗൻവാടികൾ, മന്ദിരങ്ങൾ, ആരാധനാലയങ്ങൾ ജനവാസ മേഖലകൾ, സർക്കാർ സ്ഥാപനങ്ങൾ, നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ അണുനശീകരണം നടത്തി. കോവിഡ് പോസിറ്റീവ് ആയി മരിച്ചവരുടെ മരണാന്തര കർമ്മങ്ങൾക്കായും സിവിൽ ഡിഫൻസ് ഫോഴ്‌സിന്റെ സേവനം ഉപയോഗിക്കുന്നു.



 ദുരന്തമുഖത്ത് അടിയന്തിര ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടത്തി ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേകം പരിശീലനം ലഭിച്ച ദൗത്യ സേനയാണ് കേരളാ സിവിൽ ഡിഫൻസ് ഫോഴ്സ്. യുവാക്കളും യുവതികളുമടങ്ങുന്ന പരിശീലനം ലഭിച്ച അംഗങ്ങളാണ് സംഘത്തിലുള്ളത്. തദ്ദേശവാസികൾക്ക് ദുരന്തനിവാരണ പരിശീലനം നൽകുകയും പ്രവർത്തനം സംസ്ഥാന തലത്തിൽ ഏകോപിപ്പിക്കുകയാണ് സിവിൽ ഡിഫൻസിന്റെ ലക്ഷ്യം.  പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രത്യേക പാഠ്യപദ്ധതികൾ തയ്യാറാക്കിയാണ് ക്ലാസ്സുകളും പ്രായോഗിക പരിശീലനവും നൽകിയത്.

പ്രഥമ ശുശ്രൂഷ, ദുരന്തനിവാരണം, അപകട പ്രതികരണം, അഗ്‌നിബാധാ നിവാരണം, തിരച്ചിൽ രക്ഷാപ്രവർത്തനം, ജലരക്ഷ എന്നീ വിഷയങ്ങളിലായാണ് പ്രധാനമായും ഇവർ പരിശീലനം സിദ്ധിച്ചിരിക്കുന്നത്. കേരളാ ഫയര് & റെസ്ക്യു സര്വ്വീസസ് ഡയറക്ടര് ജനറൽ തന്നെയാണ്  സിവിൽ ഡിഫൻസിന്റെയും മേധാവി. ജില്ലകളിൽ ജില്ലാ ഫയർ ഓഫീസറാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ജില്ലാതലത്തിലുള്ള സേനയുടെ പ്രവർത്തന നിയന്ത്രണം ജില്ലാ കളക്ടർമാർക്കായിരിക്കും. സംസ്ഥാനത്തെ എല്ലാ അഗ്നി രക്ഷാ നിലയങ്ങളിലും ഇവരുടെ സേവനം ലഭ്യമാണ്. കോവിഡ് കാലത്തെ രക്തദാന പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ രക്തദാന ക്യാമ്പും സേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. കോവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്  പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനോപകാരപ്രദങ്ങളായ നിരവധി പ്രവർത്തനങ്ങളാണ് സിവിൽ ഡിഫൻസ് നടത്തിയത്. കോവിഡ് വാക്സിനേഷൻ ക്യാമ്പുകളിൽ കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ നൽകുകയും വാക്സിനേഷൻ പ്രവർത്തനങ്ങളിൽ സഹായിക്കുകയുമാണ് ഇപ്പോൾ സിവിൽ ഡിഫൻസ്. ഫെബ്രുവരി 16 നു കോട്ടയം പോലീസ് പരേഡ് മൈതാനത്താണ് കേരളാ ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് ആദ്യ ബെറ്റാലിയന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നത്. മജീഷ് ടി എം ആണ് ഡെപ്യൂട്ടി റീജിയണൽ വാർഡൻ. സ്മികേഷ് ഓലിക്കനാണു കോട്ടയം ജില്ലാ വാർഡൻ.