കോട്ടയം: ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂർ നേരത്തേക്ക് കൂടി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ വീണ്ടും ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കുന്നത് അപകടങ്ങളിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് അതീവ ജാഗ്രത തുടരണം. ശക്തമായ മഴയ്ക്ക് സാധ്യത തുടരാനുള്ള സാധ്യത കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ 20 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് 16,17,19,20 തീയതികളിലാണ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ 20 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
