കോട്ടയം: നിപ വൈറസ് ബാധിച്ച് കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സിസ്റ്റർ ലിനി വിടപറഞ്ഞിട്ട് മൂന്നു വർഷം. കേരളത്തെ ഭീതിയിലാക്കിയ നിപ്പാ കാലത്ത് സ്വന്തം ജീവന്‍ ത്യജിച്ച് രോഗി പരിചരണത്തിന്റെ മഹത്തായ സേവന സന്ദേശം നല്‍കിയ ലിനിയെ മലയാളിക്ക് മറക്കാനാവില്ല. 2018 മെയ് 21ന് കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു ലിനിയുടെ മരണം. സിസ്റ്റർ ലിനി അനുസ്മരണം ജില്ലയിലെ ആശുപത്രികളിൽ കേരളാ ഗവണ്മെന്റ് നേഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നു. ഓൺലൈനായി നടത്തിയ സിസ്റ്റർ ലിനി അനുസ്മരണ യോഗം കോട്ടയം ജില്ലയിൽ സി കെ ആശ എംഎൽഎ ഉത്‌ഘാടനം ചെയ്തു. നിപ്പ വൈറസ് ബാധയിൽ നിന്ന് നാടിനെ രക്ഷിക്കാനുള്ള പോരാട്ടത്തിൽ സ്വന്തം ജീവൻ പകുത്ത് നൽകിയ സഹോദരിയാണ് സിസ്റ്റർ ലിനിയെന്നു സി കെ ആശ അനുസ്മരിച്ചു. ലിനിയുടെ സ്‌മരണ എക്കാലവും നിലനിറുത്തുന്നതിനു വേണ്ടി 2019 മെയ് 29 ന് രൂപീകരിച്ച കേരള ഗവ.നേഴ്സസ് അസോസിയേഷൻ കെജിഎൻഎ ലിനി പുതുശ്ശേരി ചാരിറ്റബിൾ ട്രസ്റ്റ് സമൂഹത്തിലെ അശരണരും നിരാലംബരും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരെയും സഹായിക്കുക എന്ന ലക്ഷ്യത്തിനായാണ് പ്രവർത്തിക്കുന്നത്. ദീപം തെളിയിച്ച് കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടുള്ള അനുസ്മരണ പരിപാടികൾ ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും നടന്നു. ആരോഗ്യ പ്രവർത്തകർക്ക് ലിനി പുതുശ്ശേരി ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിൽ സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. ലിനി ചാരിറ്റബിൾ ട്രസ്റ്റ് കോട്ടയം ജില്ലാ കൺവീനറുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ അനുസ്മരണ പരിപാടികൾ നടത്തി.
