ആൾക്കൂട്ടമെന്നു ആരോപണം, എരുമേലിയിലെ ഏക സ്വകാര്യ കോവിഡ് പരിശോധനാ ലാബ് പോലീസ് പൂട്ടിച്ചു.


എരുമേലി: എരുമേലിക്കാർക്ക് ഏക ആശ്രയമായി ആകെയുണ്ടായിരുന്ന സ്വകാര്യ കോവിഡ് പരിശോധനാ ലാബ് ആൾക്കൂട്ടമെന്ന ആരോപണത്തിന്റെ പേരിൽ എരുമേലി പോലീസ് പൂട്ടിച്ചു. എരുമേലി റാന്നി റോഡിൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിനു സമീപം പ്രവർത്തിച്ചിരുന്ന കോവിഡ് പരിശോധനാ കേന്ദ്രമാണ് പോലീസ് പൂട്ടിച്ചത്. പരിശോധനാ കിറ്റുകൾ ലഭ്യമല്ലാത്തതിനാൽ മിക്ക ദിവസങ്ങളിലും എരുമേലി ഗവണ്മെന്റ് ആശുപത്രിയിൽ കോവിഡ് പരിശോധന നടക്കാറില്ല. ഈ അവസരത്തിൽ എരുമേലിക്കാർക്കും മലയോര മേഖലകളിൽ നിന്നും എരുമേലി ആശുപത്രിയിൽ എത്തുന്നവർക്കും ഏക ആശ്രയമായിരുന്നു ഈ കോവിഡ് പരിശോധനാ കേന്ദ്രം. പരിശോധനാ കിറ്റുകൾ ലഭ്യമല്ലാത്തതിനാൽ എരുമേലി ഗവണ്മെന്റ് ആശുപത്രിയിൽ കോവിഡ് പരിശോധന താത്ക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. കഴിഞ്ഞ ശബരിമല സീസൺ സമയത്ത് താത്ക്കാലികമായി ആരംഭിച്ചതാണ് ഈ കോവിഡ് പരിശോധനാ ലാബ്. പിന്നീട് രോഗബാധ കൂടുതലായി സ്ഥിരീകരിച്ചു തുടങ്ങിയതോടെ എരുമേലിയുടെ സമീപ പ്രദേശങ്ങളിലുള്ളവർക്ക് ഏറെ ആശ്രയമായിരുന്നു ഈ കോവിഡ് പരിശോധനാ കേന്ദ്രം. ഇനി എരുമേലിക്കാർ ആന്റിജൻ, ആർടിപിസിആർ കോവിഡ് പരിശോധനകൾക്ക് കാഞ്ഞിരപ്പള്ളിയിലോ മുണ്ടക്കയത്തോ പോകേണ്ട അവസ്ഥയിലാണ്. എരുമേലി ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളിൽ രോഗബാധ ദിനംപ്രതി കൂടുതലായി സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ പോലീസ് അധികൃതരുടെ നടപടിയിൽ ശക്തമായ പ്രതിഷേധമാണ് നാട്ടുകാർക്കുള്ളത്.