ഈരാറ്റുപേട്ട റിംസ് ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റാൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനം.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട റിംസ് ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റാൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനം. ഇന്ന് രാത്രി 8 മണിക്ക് റിംസ് ആശുപത്രിയിൽ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. നഗരസഭയുടെ നേതൃത്വത്തിൽ നിയമ സഹായവും തേടി കോവിഡ് ആശുപത്രി പ്രവർത്തന സജ്ജമാക്കും. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ എത്രയും വേഗം റിംസ് ആശുപത്രി കോവിഡ് ആശുപത്രിയാക്കണമെന്നും അതിനായി പൂർണ്ണ പിന്തുണയും എംഎൽഎ വാഗ്ദാനം ചെയ്തു. നഗരസഭാ അംഗങ്ങൾ,മുൻ ചെയർമാൻമാർ, വിവിധ പാർട്ടി പ്രതിനിധികൾ,മറ്റു മേഖലകളിലെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഈരാറ്റുപേട്ട റിംസ് ആശുപത്രിയിൽ കോവിഡ് ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതിനു പകരം ആശുപത്രി ഉപകരണങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള നീക്കം ഇന്ന് നഗരസഭാ അംഗങ്ങളുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ജില്ലാ കളക്ടറുടെ ഉത്തരവിന്മേലാണ് ആശുപത്രിയിലെ ഉപകരണങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള ശ്രമം നടന്നത്. പിന്നീട് എംഎൽഎ ജില്ലാ കലക്ടറുമായി ബന്ധപ്പെടുകയും ഉത്തരവ് പിൻവലിപ്പിക്കുകയുമായിരുന്നു. ഈരാറ്റുപേട്ട മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ റിംസ് ആശുപത്രി കോവിഡ് ആശുപത്രിയാക്കണം എന്ന ആവശ്യം ശക്തമായിരിക്കെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഈ നീക്കം. വെന്റിലേറ്ററടക്കമുള്ള ആശുപത്രി ഉപകരണങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് ശ്രമം നടന്നത്. ആശുപത്രിയിൽ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കുമെന്നും അതിനാവശ്യമായ കോടതി ഉത്തരവുകൾ വാങ്ങുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ഈരാറ്റുപേട്ട നഗരസഭാ അംഗങ്ങളും ആശുപത്രി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. രോഗബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.  ഈരാറ്റുപേട്ട മേഖലയിലുള്ളവർക്കും തീക്കോയി, തലനാട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തിടനാട് എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള കോവിഡ് രോഗബാധിതർക്ക് ആശുപത്രി ചികിത്സ ലഭ്യമാക്കുന്നതിന് ഏറ്റവും ഉപകാരപ്രദമാണ് ഈരാറ്റുപേട്ട റിംസ് ആശുപത്രി കോവിഡ് ആശുപത്രിയാക്കുന്നത്. കഴിഞ്ഞ നവംബറിൽ കോട്ടയം ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഈരാറ്റുപേട്ട റിംസ് ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കുന്നതിനായി അടിയന്തരമായി വിട്ടു നല്‍കാന്‍ ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ലിക്വിഡേഷന്‍ നടപടികള്‍ക്ക് വിധേയമായ ആശുപത്രി പ്രവാസികള്‍ക്കുള്ള ക്വാറന്റയിന്‍ കേന്ദ്രമായി മാത്രം ഉപയോഗിക്കുന്നതിന് കഴിഞ്ഞ മെയ് മാസത്തിലും ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു.