പാലാ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ രോഗബാധിതർക്ക് ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി പാലാ ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കോവിഡ് ആശുപത്രിയിൽ 100 കിടക്കകൾ കൂടി അധികമായി സജ്ജമാക്കും. പാലാ ജനറൽ ആശുപത്രിയിലെ കാത്ത് ലാബ് ബ്ലോക്ക് ആണ് പുതുതായി കോവിഡ് ചികിത്സാ കേന്ദ്രമാക്കുന്നത്. നിലവിൽ ജനറൽ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്കായി 105 കിടക്കകൾ മാത്രമാണുള്ളത്. നിലവിലെ കിടക്കകളിൽ രോഗബാധിതർ നിറഞ്ഞിരിക്കുകയാണ്. പാലാ ജനറൽ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ എം അഞ്ജന സന്ദർശനം നടത്തി. നിലവിലെ ഓക്സിജൻ സിലിണ്ടറുകൾക്ക് പുറമെ 20 എണ്ണം കൂടി അധികമായി എത്തിച്ചിട്ടുണ്ട്. അധികമായി കിടക്കകൾ സജ്ജമാക്കുന്നതിനൊപ്പം ആവശ്യമായ ജീവനക്കാരെയും നിയോഗിക്കും. ജില്ലാ കലക്ടർക്കൊപ്പം ജില്ലാ ആരോഗ്യ വിഭാഗവും ആശുപത്രിയിലെ ക്രമീകരണങ്ങൾ വിലയിരുത്തി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിലവിലെ കിടക്കകൾ തികയാതെ വരുന്നതിനാലും കൂടുതൽ സംവിധാനങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ടു നഗരസഭയും ജനപ്രതിനിധികളും ആശുപത്രി അധികൃതരും ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു.
കോവിഡ് ചികിത്സ: പാലാ ജനറൽ ആശുപത്രിയിൽ 100 കിടക്കകൾ കൂടി സജ്ജമാക്കും.
