കനത്ത മഴയും നിർമ്മാണത്തിലെ അശാസ്ത്രീയതയും പുനലൂർ മൂവാറ്റുപുഴ പാതയിൽ മണിമലയിൽ വീണ്ടും റോഡിന്റെ വശമിടിഞ്ഞു.


മണിമല: കനത്ത മഴയും നിർമ്മാണത്തിലെ അശാസ്ത്രീയതയും പുനലൂർ മൂവാറ്റുപുഴ പാതയിൽ മണിമലയിൽ വീണ്ടും റോഡിന്റെ വശമിടിഞ്ഞു. മണിമല മൂലപ്ലാവ് എസ് സി ടി എം യുപി സ്‌കൂളിന്റെ മുൻഭാഗത്തെ റോഡിന്റെ വശമാണ് ഇടിഞ്ഞു താണത്. ഇതോടെ റോഡിന്റെ വശത്ത് ഉണ്ടായിരുന്ന കിണറ്റിലേക്കാണ് മണ്ണ് വന്നു മൂടിയത്. റോഡ് നിർമ്മാണത്തിന്റെ ആരംഭം മുതൽ നിരവധി പരാതികളാണ് ഉയർന്നിരുന്നത്. നിർമ്മാണത്തിലെ അശാസ്ത്രീയതായാണ് റോഡിന്റെ വശം ഇടിയാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് കൂട്ടിയിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ മണ്ണുൾപ്പടെ റോഡിനു സമീപമുണ്ടായിരുന്ന ടൂഷൻ സെന്ററിലേക്ക് ഇടിച്ചിറങ്ങുകയും കെട്ടിടം ഉപകരണങ്ങൾ ഉൾപ്പടെ ആറ്റിലേക്ക് പതിക്കുകയും ചെയ്തിരുന്നു. റോഡ് നിർമ്മാണത്തിന്റെ പേരിൽ സ്‌കൂളിലേക്കുള്ള പ്രവേശന കവാടവും താറുമാറാക്കിയിരുന്നു. നാളുകൾക്ക് മുൻപ് ഇത്തരമൊരു അവസ്ഥയുണ്ടാകാൻ സാധ്യത മുന്നിൽ കണ്ടു റോഡ് നിർമ്മാണ കമ്പനിക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല.