കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: നടപടി കടുത്തു,കേസുകളുടെ എണ്ണം കുറഞ്ഞു, ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 132 കേസുകൾ.


കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ഇന്ന് 132 കേസുകൾ രജിസ്റ്റർ ചെയ്തു. സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ ശക്തമായ കർശന പരിശോധനയ്ക്കാണ് ജില്ലാ പോലീസ് മേധാവി ഡി.ശില്പ ഉത്തരവിട്ടിരിക്കുന്നത്. നടപടി കടുത്തതോടെ ജില്ലയിലെ കേസുകളുടെ എണ്ണവും കുറഞ്ഞു. ഇന്ന് ജില്ലയിൽ 132 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 132 കേസുകളിലായി 135 പേരുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 99 വാഹനങ്ങളാണ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് പോലീസ് പിടിച്ചെടുത്തത്. വെള്ളിയാഴ്ച്ച ജില്ലയിൽ 207 കേസുകളിലായി 208 പേർക്കെതിരെ പോലീസ് കേസെടുക്കുകയും 123 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച്ച 316 കേസുകളിലായി 312 പേരുടെ അറസ്റ്റും 318 വാഹനങ്ങളും ജില്ലയിൽ പോലീസ് പിടിച്ചെടുത്തു. വരും ദിവസങ്ങളിലും ജില്ലയുടെ എല്ലാ മേഖലകളിലും കർശന പരിശോധന തുടരുമെന്നും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.