കിടങ്ങൂർ: കിടങ്ങൂരിൽ സൂപ്പർ മാർക്കറ്റിനു തീപിടിച്ചു ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് വെളുപ്പിന് ഒരു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. കിടങ്ങൂരിൽ പ്രവർത്തിക്കുന്ന കിടങ്ങൂർ ഹൈപ്പർ മാർക്കറ്റ് എന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. 2 യൂണിറ്റ് അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സ്ഥാപനത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഉത്പ്പന്നങ്ങളും സൂപ്പർ മാർക്കറ്റിനുള്ളിലെ ഷെൽഫുകൾ,അലമാരകൾ,റാക്കുകൾ തുടങ്ങിയ ഇന്റീരിയർ എല്ലാം കത്തി നശിച്ചിട്ടുണ്ട്. സൂപ്പർ മാർക്കറ്റിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഉദ്യോഗസ്ഥരാണ് വിവരം കെഎസ്ഇബി അധികൃതരെയും അഗ്നിരക്ഷാ സേന അംഗങ്ങളെയും വിവരമറിയിച്ചത്. സ്ഥലത്തെത്തിയ കെഎസ്ഇബി അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തതിനാൽ സമീപത്തേക്ക് തീ പടരുന്നത് ഒഴിവാക്കാൻ സാധിച്ചു. കെട്ടിടത്തിൽ സൂപ്പർ മാർക്കറ്റിനു മുകളിൽ താമസിച്ചിരുന്നവരെ പോലീസ് വിവരമറിയിച്ചു രക്ഷപ്പെടുത്തുകയായിരുന്നു.
