കാഞ്ഞിരപ്പള്ളി: കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇന്ന് മുതൽ 14 ദിവസത്തേക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിലൂടെ രോഗവ്യാപനം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. അവശ്യ വസ്തുക്കൾ ലഭിക്കുന്ന സ്ഥാപനങ്ങൾ ആഴ്ചയിൽ 2 ദിവസം മാത്രം പ്രവർത്തിക്കും. വ്യാപാരി സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ ബുധൻ,ശനി ദിവസങ്ങളിൽ മാത്രമായി പ്രവർത്തനം പരിമിതപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെയായാണ് അനുവദനീയമായ സമയം. അവശ്യ വസ്തുക്കളുടെ വിതരണം തടസ്സപ്പെടാതിരിക്കുന്നതിനായി മറ്റു ദിവസങ്ങളിൽ ഹോം ഡെലിവറി സംവിധാനങ്ങൾ ഏർപ്പെടുത്താവുന്നതാണ്. അവശ്യ വസ്തുക്കൾ വീടുകളിൽ ലഭ്യമാക്കുന്നതിനായി വാർഡ് തല ജാഗ്രതാ സമിതിയുടെ സേവനം പ്രയോജനപ്പെടുത്തണം. ഹോൾസെയിൽ പച്ചക്കറി സ്ഥാപനങ്ങൾ ബുധൻ,ശനി ദിവസങ്ങളിൽ രാവിലെ 5 മുതൽ 9 വരെ ആയിരിക്കും. ഹോട്ടലുകൾ രാവിലെ 8 മുതൽ വൈകിട്ട് 07:30 വരെ പാർസൽ നൽകുന്നതിനും ഹോം ഡെലിവറിക്കുമായി പ്രവർത്തിക്കാം. മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രം അനുമതി. മറ്റു ചടങ്ങുകൾ അനുവദിക്കുന്നതല്ല. പൊതുജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരവും ദുരന്ത നിവാരണ നിയമ പ്രകാരവും നിയമ നടപടികൾ സ്വീകരിക്കും. ആശുപത്രികൾക്കും മെഡിക്കൽ സ്റ്റോറുകൾക്കും അധിക നിയന്ത്രണങ്ങൾ ബാധകമല്ല.