ഈരാറ്റുപേട്ട റിംസ് ആശുപത്രിയിൽ കോവിഡ് ചികിത്സാ കേന്ദ്രം ശനിയാഴ്ച്ച പ്രവർത്തനം ആരംഭിക്കും.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട റിംസ് ആശുപത്രിയിൽ കോവിഡ് ചികിത്സാ കേന്ദ്രം ശനിയാഴ്ച്ച പ്രവർത്തനം ആരംഭിക്കും. 10 വെന്റിലേറ്റർ സംവിധാനം ഉൾപ്പെടെ 40 ഐ.സി.യു ബെഡുകളാണ് റിംസിൽ ഉള്ളത്. കൂടാതെ ഓക്‌സിജൻ സംസ്കരണ സംവിധാനവും റിംസിൽ പ്രവർത്തന സജ്ജമാണ്. ആശുപത്രി പ്രവർത്തനവുമായി ബന്ധപ്പെട്ടു ധാരണാ പത്രം ഈരാറ്റുപേട്ട നഗരസഭയും ആശുപത്രി അധികൃതരും പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൈമാറി. ഈരാറ്റുപേട്ട റിംസ് ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റാൻ കഴിഞ്ഞ ദിവസം ആശുപത്രിയിൽ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ തീരുമാനമായിരുന്നു. കോവിഡ് ചികിത്സാ കേന്ദ്രം തുടങ്ങുന്നതിനാവശ്യമായ എല്ലാ നിയമസഹായങ്ങളും എംഎൽഎ ഉറപ്പ് നൽകിയിരുന്നു. ഈരാറ്റുപേട്ട റിംസ് ആശുപത്രിയിൽ കോവിഡ് ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതിനു പകരം കേരളാ എപിഡെമിക് ആക്റ്റ് പ്രകാരം ആശുപത്രി ഉപകരണങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള നീക്കം നഗരസഭാ അംഗങ്ങളുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ജില്ലാ കളക്ടറുടെ ഉത്തരവിന്മേലാണ് ആശുപത്രിയിലെ ഉപകരണങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള ശ്രമം നടന്നത്. വെന്റിലേറ്ററടക്കമുള്ള ആശുപത്രി ഉപകരണങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് ശ്രമം നടന്നത്. രോഗബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.  ഈരാറ്റുപേട്ട മേഖലയിലുള്ളവർക്കും തീക്കോയി, തലനാട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തിടനാട് എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള കോവിഡ് രോഗബാധിതർക്ക് ആശുപത്രി ചികിത്സ ലഭ്യമാക്കുന്നതിന് ഏറ്റവും ഉപകാരപ്രദമാണ് ഈരാറ്റുപേട്ട റിംസ് ആശുപത്രി കോവിഡ് ആശുപത്രിയാക്കുന്നത്.