കോട്ടയം ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത് അഞ്ചര ലക്ഷത്തിലധികം കോവിഡ് പ്രതിരോധ വാക്സിനുകൾ.


കോട്ടയം: കോട്ടയം ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത് അഞ്ചര ലക്ഷത്തിലധികം കോവിഡ് പ്രതിരോധ വാക്സിനുകൾ. കോവാക്സിൻ, കോവീഷീൽഡ്‌ കോവിഡ് പ്രതിരോധ വാക്സിനുകളിലായി ജില്ലയിൽ ഇതുവരെ 551568 വാക്സിനുകൾ വിതരണം ചെയ്തു. ഇതിൽ 432370 പേർ കോവിഡ് പ്രതിരോധ വാക്സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചവരാണ്. ജില്ലയിൽ ഇതുവരെ 119198 പേർ രണ്ടാം ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. വാക്സിൻ ലഭ്യതയ്ക്കനുസരിച്ച് കൂടുതൽ കേന്ദ്രങ്ങളിൽ കൂടുതൽ പേർക്ക് വാക്സിൻ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. ജില്ലയിൽ നിലവിൽ 18 മുതല്‍ 44 വരെ പ്രായവും അനുബന്ധ രോഗങ്ങളുമുള്ളവർക്കും ഈ പ്രായവിഭാഗത്തിലെ കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും വാക്സിന്‍ സ്വീകരിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്കും അനുബന്ധ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നവർക്കും മാത്രമാണ് വാക്സിനേഷൻ ലഭ്യമാകുക. വിവരങ്ങൾ ആരോഗ്യ വകുപ്പ് പരിശോധിച്ചശേഷം അര്‍ഹരായവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രവും സമയവും ഉള്‍പ്പെടെയുള്ള എസ്.എം.എസ് അയയ്ക്കും. എന്നാൽ വാക്സിൻ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ കോവാക്സിനും കോവീഷീൽഡും ഒന്നാം ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് ലഭിക്കാൻ കാലതാമസം നേരിടുന്നതായി പരാതിയുയരുന്നുണ്ട്. കോവാക്സിൻ രണ്ടാം ഡോസ് 28 ദിവസങ്ങൾക്ക് ശേഷവും കോവീഷീൽഡ്‌ രണ്ടാം ഡോസ് 12 ആഴ്ച്ച പിന്നിട്ടവർക്കും സ്വീകരിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ. എന്നാൽ ഭൂരിഭാഗം ആളുകൾക്കും രണ്ടാം ഡോസ് കൃത്യ സമയത്ത് സ്വീകരിക്കാൻ സാധിക്കുന്നില്ല എന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്.