കോട്ടയം: ജില്ലയിൽ കഴിഞ്ഞ ദിവസം പുനരാരംഭിച്ച വാക്സിൻ വിതരണത്തിൽ അപാകതകൾ പരിഹരിക്കപ്പെടുന്നില്ല. ജില്ലയിൽ കഴിഞ്ഞ 3 ദിവസങ്ങളിലായി വാക്സിൻ പ്രതിസന്ധിയെ തുടർന്ന് വിതരണം നിർത്തി വെച്ചിരിക്കുകയായിരുന്നു. ഇന്നലെ മുതൽ മുതൽ ജില്ലയിൽ വീണ്ടും കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ആരംഭിച്ചു. ജില്ലയിൽ ഇന്നലെയും ഇന്നും 82 കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണം ചെയ്തത്. 150 ഡോസ് വാക്സിനാണ് ഓരോ കേന്ദ്രങ്ങളിലും ഒരു ദിവസം വിതരണം ചെയ്യുന്നത്. ഇതിൽ 30 ഡോസ് ആദ്യം വാക്സിൻ സ്വീകരിക്കുന്നവർക്കും ശേഷിക്കുന്ന 120 ഡോസ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നവർക്കും വേണ്ടിയാണ്. ഇവിടെ നിന്നുമാണ് വാക്സിൻ വിതരണത്തിലെ അപാകതകളും ആശയക്കുഴപ്പങ്ങളും തുടങ്ങുന്നത്. ഒന്നാം ഡോസ് സ്വീകരിക്കാനായി മുൻകൂർ ഓൺലൈനായി ബുക്ക് ചെയ്യുമ്പോൾ രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കുന്നതിന് സ്പോട്ട് ബുക്കിങ് ആണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതോടെ വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ രാവിലെ 6 മണി മുതൽ എത്തി കാത്തു നിൽക്കുകയാണ് ജനങ്ങൾ. കേന്ദ്രങ്ങൾക്ക് മുൻപിൽ കൃത്യമായ ക്രമീകരണങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും ആരും നൽകാത്തതിനാൽ കേന്ദ്രങ്ങളിൽ എത്തുന്നവർ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിൽക്കുകയാണ്. ടോക്കൺ വിതരണം ആരംഭിക്കുമ്പോൾ തിക്കിത്തിരക്കിയാണ് ജനങ്ങൾ ടോക്കൺ നേടുന്നത്. ഇതോടെ ആദ്യം എത്തിയവരും പിന്നീട് എത്തിയവരും ടോക്കൺ ലഭിക്കാത്തവരും തമ്മിൽ വാക്കുതർക്കങ്ങൾ പതിവാകുകയാണ്. ചില കേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകർ പോലീസിന്റെ സഹായം തേടി. ഇന്നലെ ചങ്ങനാശ്ശേരി ഗവണ്മെന്റ് ആശുപത്രിയിലും പാലാ ആശുപത്രിയിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. 150 വാക്സിൻ വിതരണം ചെയുമ്പോൾ 300 ലധികം പേരാണ് വാക്സിൻ സ്വീകരിക്കാനായി കേന്ദ്രങ്ങളിൽ എത്തുന്നത്. ആദ്യ ഡോസ് സ്വീകരിച്ച മുൻഗണന അനുസരിച്ച് കേന്ദ്രങ്ങളിൽ നിന്നും വിവരം അറിയിച്ചു ആളുകൾ എത്തുന്നത് സ്വീകരിക്കാവുന്ന മാർഗ്ഗമാണ്.
വാക്സിൻ വിതരണത്തിൽ അപാകതകൾ പരിഹരിക്കപ്പെടുന്നില്ല,നിയന്ത്രണങ്ങൾ പാളുന്നു,വിതരണ കേന്ദ്രങ്ങളിൽ ആൾക്കൂട്ടവും തർക്കങ്ങളും പതിവാകുന്നു.
