ലോക്ക് ഡൗൺ: ജില്ലയിലെ എല്ലാ മേഖലകളിലും വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ഇന്ന് വൻ ജനത്തിരക്ക്.


കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ മുതൽ 16 വരെ  സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ മേഖലകളിലും വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ഇന്ന് അനുഭവപ്പെടുന്നത് വൻ ജനത്തിരക്ക്. രാവിലെ മുതൽ ഗ്രാമ നഗര വ്യത്യാസമില്ലാതെ നിരത്തുകൾ സജീവമാണ്. നാളെ മുതൽ ഒരാഴ്ചത്തേക്കുള്ള സാധന സാമഗ്രികൾ വാങ്ങുന്നതിനായി എത്തിയവരുടെ തിരക്കാണ് നിരത്തുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇന്ന് അനുഭവപ്പെടുന്നത്. ബാങ്കുകളിലും കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാൾ ജനത്തിരക്കാണ് ഇന്ന് അനുഭവപ്പെടുന്നത്. പോലീസിന്റെ നേതൃത്വത്തിൽ വാഹന പരിശോധന ജില്ലയിലുടനീളം നടക്കുന്നുണ്ട്. കോട്ടയം,ഏറ്റുമാനൂർ,പാലാ,കാഞ്ഞിരപ്പള്ളി മേഖലകളിൽ ഗതാഗതത്തിരക്ക് രൂക്ഷമാണ്. വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാനെത്തിയവരുടെ നീണ്ട നിരയാണ് കാണാനാകുന്നത്. ചിലയിടങ്ങളിൽ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിൽക്കുന്നവരെ പോലീസ് മാറ്റി നിർത്താൻ ശ്രമിക്കുന്നുണ്ട്. പലചരക്ക് പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിലാണ് തിരക്ക് കൂടുതൽ. അവശ്യ മരുന്നുകൾ വാങ്ങുന്നതിനായും സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വാങ്ങുന്നതിനായി മെഡിക്കൽ സ്റ്റോറുകളിലും ജനത്തിരക്ക് കൂടുതലാണ്. നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കിയാൽ പുറത്തിറങ്ങാൻ പറ്റാതെ വന്നെങ്കിലോ എന്ന ചിന്തയിലാണ് ഭൂരിഭാഗം പേരും ഇന്ന് സാധനങ്ങൾ ഒരാഴ്ച്ചത്തേക്കുള്ളത് കരുതി വെക്കാനായി വ്യാപാര സ്ഥാപനങ്ങളിൽ എത്തിയിരിക്കുന്നത്.