കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നില്ല. കോവിഡ് വ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിനായും കൂടുതൽ മേഖലകളിലേക്കും കൂടുതൽ ആളുകളിലേക്കും രോഗം പടരുന്നത് ഒഴിവാക്കുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളോട് ജനങ്ങൾ മുഖം തിരിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ജില്ലയിലെ എല്ലാ നഗരങ്ങളിലെയും നിരത്തുകളിൽ വാഹന തിരക്ക് അനുഭവപ്പെട്ടു. അവശ്യ സേവനങ്ങളെ ഒഴിവാക്കിയിരുന്നെങ്കിലും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ നിരത്തിലേക്ക് വാഹനങ്ങളുമായി ഇറങ്ങുന്നവരുടെ എണ്ണം കുറവല്ലായിരുന്നു. വ്യക്തമായ കാരണങ്ങൾ ബോധിപ്പിക്കാനാകാത്ത നിരവധിപ്പേരെ പോലീസ് തിരിച്ചയച്ചു. നിയന്ത്രണങ്ങൾ ലംഘിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. പ്രതിരോധ നിയന്ത്രണങ്ങൾ ലംഘിച്ചതിനു സംസ്ഥാനത്ത് ഇന്നലെ നടന്ന പോലീസ് പരിശോധനയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ പിടിച്ചെടുത്തത് കോട്ടയം ജില്ലയിൽ നിന്നുമാണ്. ജില്ലയിൽ ഇന്നലെ 262 കേസുകളാണ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് പോലീസ് രജിസ്റ്റർ ചെയ്തത്. 228 പേരുടെ അറസ്റ്റും 153 വാഹനങ്ങളും ജില്ലയിൽ പോലീസ് പിടിച്ചെടുത്തു. പിടി വിട്ടു കുതിച്ചുയരുന്ന കോവിടിൽ ഇന്നലെ മാത്രം ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത് 3432 പേർക്കാണ്. ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 20 ശതമാനത്തിനു മുകളിലാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഗ്രാമ നഗര വ്യത്യാസമില്ലാതെ ജില്ലയുടെ ഭൂരിഭാഗം മേഖലകളിലും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ജില്ലയിൽ നിലവില്‍ 70 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 908 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. നാലു പഞ്ചായത്തുകളിലും 37 തദ്ദേശ സ്ഥാപനങ്ങളിലെ 59 വാര്‍ഡുകളിലുമാണ് 144 നൊപ്പം അധിക നിയന്ത്രണങ്ങളുമുള്ളത്.
പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ല, കോട്ടയത്ത് കോവിഡ് കുതിച്ചുയരുന്നു.
