ലോക്ക് ഡൗൺ: മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി,അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാത്രി 7:30 വരെ മാത്രം.


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശനിയാഴ്ച്ച മുതൽ 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തി. ലോക്ക് ഡൗണുമായി ബന്ധപ്പെട്ടു അനുമതിയുള്ള സേവനങ്ങളും നിർദ്ദേശങ്ങളും സംബന്ധിച്ച് സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. നിർദ്ദേശങ്ങൾ ഇങ്ങനെ:

*അവശ്യസർവീസുകൾ ഒഴികെയുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും.

*സായുധസേനാ വിഭാഗം, ട്രഷറി, സി. എൻ. ജി, എൽ. പി, ജി, പി. എൻ. ജി, ദുരന്തനിവാരണം, വൈദ്യുതി ഉത്പാദനവും വിതരണവും, തപാൽ വകുപ്പ്, പോസ്റ്റ് ഓഫീസുകൾ, എൻ. ഐ. സി, കാലാവസ്ഥാ കേന്ദ്രം, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, ദൂരദർശൻ, ആൾ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മീഷൻ, എം. പി. സി. എസ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയർപോർട്ട്, സീപോർട്ട്, റെയിൽവേ തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും ഏജൻസികളും പ്രവർത്തിക്കും.

*ആരോഗ്യം, ആയുഷ്, റവന്യു, തദ്ദേശസ്ഥാപനം, പൊതുവിതരണം, വ്യവസായം, തൊഴിൽ, മൃഗശാല, ഐ. ടി മിഷൻ, ജലസേചനം, മൃഗസംരക്ഷണം, സാമൂഹ്യനീതി, പ്രിന്റിംഗ്, ഇൻഷുറൻസ് മെഡിക്കൽ സർവീസസ്, പോലീസ്, എക്‌സൈസ്, ഹോംഗാർഡ്, സിവിൽ ഡിഫൻസ്, അഗ്‌നിശമന സേന, ദുരന്തനിവാരണം, വനം, ജയിൽ, ജില്ലാ കളക്ടറേറ്റുകൾ, ട്രഷറികൾ, വൈദ്യുതി, ജലവിഭവം, ശുചീകരണം തുടങ്ങിയ സംസ്ഥാന സർക്കാർ വകുപ്പുകളും ഏജൻസികളും പ്രവർത്തിക്കും.

*നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾക്ക് കേവിഡ് പ്രോട്ടോകോൾ പാലിച്ച് 20 പേർക്ക് പങ്കെടുക്കാം.

*വിവരം മുൻകൂട്ടി പോലീസ് സറ്റേഷനിൽ അറിയിക്കുകയും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണം.

*മരണാനന്തരചടങ്ങുകൾക്കും 20 പേർക്ക് അനുമതിയുണ്ട്. ഇതും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

*ആശുപത്രികൾക്കും ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട്.

*കൃഷി, ഹോർട്ടികൾച്ചർ, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ അനുവദിക്കും.

*റേഷൻ കടകൾ, പലചരക്കു കടകൾ, പച്ചക്കറി, പഴക്കടകൾ, പാൽ ഉത്പന്നങ്ങൾ, മത്‌സ്യം, ഇറച്ചി വിൽപന കേന്ദ്രങ്ങൾ, ബേക്കറികൾ തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാം.

*എല്ലാ കടകളും വൈകിട്ട് 7.30ന് അടയ്ക്കണം. 

* ബാങ്ക്, ഇൻഷുറൻസ്, പണമിടപാടു സ്ഥാപനങ്ങൾക്ക് രാവിലെ പത്തു മുതൽ ഒരു മണി വരെ ഇടപാടുകൾ നടത്താം. രണ്ടു മണിക്ക് അടയ്ക്കണം.

*മാധ്യമ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.

*പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ, കേബിൾ സർവീസ്, ഡി ടി എച്ച് എന്നിവയ്ക്ക് പ്രവർത്തനാനുമതിയുണ്ട്.

*അവശ്യ വസ്തുക്കളുടെ ഉത്പാദന കേന്ദ്രങ്ങൾക്കും വിതരണ കേന്ദ്രങ്ങൾക്കും പ്രവർത്തിക്കാം.

*റോഡ്, ജലഗതാഗത സർവീസുകൾ ഉണ്ടാവില്ല. മെട്രോ ട്രെയിനും സർവീസ് നടത്തില്ല. 

*ചരക്ക് നീക്കത്തിന് തടസമുണ്ടാവില്ല. 

*എല്ലാവിധ വിദ്യാഭ്യാസ, കോച്ചിംഗ്, പരിശീലന, ഗവേഷണ സ്ഥാപനങ്ങളും അടയ്ക്കണം. 

*കോവിഡ് 19 പ്രവർത്തനങ്ങൾക്കായുള്ള വോളണ്ടിയർമാർക്ക് യാത്ര ചെയ്യാം.

*വീട്ടുജോലിക്കാർക്കും,ഹോം നേഴ്സ് എന്നിവർക്ക് ജോലി സ്ഥലങ്ങളിലേക്ക് പോകാൻ അനുമതി.

*സ്വകാര്യ-ടാക്സി വാവഹണങ്ങൾ അവശ്യ വസ്തുക്കൾ വാങ്ങുന്നതിനും മരുന്നു വാങ്ങുന്നതിനും കോവിഡ് വാക്സിനേഷന് പോകുന്നതിനും ഉപയോഗിക്കാം.

*ആരാധനാലയങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല.

*വാഹന, അത്യാവശ്യ ഉപകരണ റിപ്പയർ കടകൾ തുറക്കാൻ അനുമതി.

*മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക്, നിർമ്മാണ മേഖലയ്ക്കും തൊഴിലുറപ്പ് ജോലികൾക്കും തടസ്സമില്ല.