തസ്തിക പുനർനാമകരണം: സർക്കാർ ആരോഗ്യ മേഖലയിലെ നഴ്സുമാർ ഇനി നഴ്സിങ്ങ് ഓഫീസർ എന്നറിയപ്പെടും.


തിരുവനന്തപുരം: തസ്തിക പുനർനാമകരണത്തിലൂടെ സർക്കാർ ആരോഗ്യ മേഖലയിലെ നഴ്സുമാർ ഇനി നഴ്സിങ്ങ് ഓഫീസർ എന്നറിയപ്പെടും. സംസ്ഥാന ആരോഗ്യ വകുപ്പിലെ നേഴ്സ് വിഭാഗം തസ്തികകളും അതിനനുസൃതമായി ഉയർന്ന തസ്തികകളും പുനർനാമകരണം ചെയ്തു ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ഉത്തരവിറക്കി. കേരള ഗവണ്മെന്റ് നേഴ്‌സസ് അസ്സിസിയേഷൻ 2019 മുതൽ മുന്നോട്ടു വെച്ച ആവശ്യമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. ജില്ലകളിൽ ചർച്ചകളിലൂടെ രൂപപ്പെട്ട പാനലുകൾ സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്ത് അംഗീകാരം നൽകി. ശേഷം തുടർ നടപടികൾക്കായി സർക്കാരിലേക്ക് സമർപ്പിക്കുകയായിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലേയും മറ്റു അനുബന്ധ സ്ഥാപനങ്ങളിലെയും നേഴ്‌സിങ് തസ്തികകൾ പുനർനാമകരണം ചെയ്ത സാഹചര്യത്തിൽ ഏകീകരണ സ്വഭാവം കൈവരുന്നതിനായാണ് തസ്തികകൾ പുനർനാമകരണം ചെയ്തത്. സമഗ്രമായ പരിഷ്കരണമാണ് വിവിധ നേഴ്സിംഗ് തസ്തികകളുടെ പേരിൽ വരുത്തിയത് എന്ന് കേരളാ ഗവന്മെന്റ് നേഴ്‌സസ് അസോസിയേഷൻ പറഞ്ഞു. കേരള ഗവ. നേഴ്സസ് അസോസിയേഷൻ ദീർഘനാളായി ഉന്നയിക്കുന്ന ഒരു ആവശ്യമാണ് ഇതോടെ നടപ്പിലാവുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ എർണാകുളത്തു വച്ചു നടന്ന കെജിഎൻഎ സംസ്ഥാന സമ്മേളനത്തിൽ വച്ച് ഡസിഗ്നേഷൻ പരിഷ്കാരം നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചർ പ്രഖ്യാപിച്ചിരുന്നു. കോവിഡിനെതിരായ പോരാട്ടത്തിൽ ഏർപെട്ടിരിക്കുന്ന നേഴ്സുമാർക്ക് ഈ തീരുമാനം വലിയ പ്രചോദനമാണ് എന്നും കേരള ഗവ. നേഴ്സസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. സുബ്രമണ്യൻ പറഞ്ഞു. അടിസ്ഥാന തസ്തികയായ സ്റ്റാഫ് നേഴ്സ് എന്നത് നേഴ്സിംഗ് ഓഫീസർ എന്ന് പുനർ നാമകരണം ചെയ്തു. മറ്റു തസ്തികകളിലെ മാറ്റം ഇങ്ങനെ:

സ്റ്റാഫ് നേഴ്സ് ഗ്രേഡ് 1 - നേഴ്സിംഗ് ഓഫീസർ ഗ്രേഡ് 1

ഹെഡ് നേഴ്സ് - സീനിയർ നേഴ്സിംഗ് ഓഫീസർ 

നേഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് 2 - ഡെപ്യൂട്ടി നേഴ്സിംഗ് സൂപ്രണ്ട് 

നേഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് 1 - നഴ്സിംഗ് സുപ്രണ്ട്

നേഴ്സിംഗ് ഓഫീസർ - ചീഫ് നേഴ്സിംഗ് ഓഫീസർ 

(മറ്റു തസ്തികകൾ മാറ്റമില്ലാതെ തുടരും)