ചങ്ങനാശ്ശേരി: കോവിഡ് പ്രതിരോധ വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വൻ വീഴ്ച്ച. കൃത്യമായ നിർദ്ദേശങ്ങൾ നൽകാൻ ആരുമില്ലാത്തതിനാൽ വാക്സിൻ സ്വീകരിക്കാൻ എത്തുന്നവർ സാമൂഹിക അകലം പോലും പാലിക്കാതെയാണ് നിൽക്കുന്നത്. ചങ്ങനാശ്ശേരി ഗവണ്മെന്റ് ആശുപത്രിയിൽ നിന്നും വാക്സിൻ സ്വീകരിക്കാനായി ഇന്ന് എത്തിയത് മുന്നൂറിലധികം പേരാണ്. 150 പേർക്കാണ് ഒരു സെന്ററിൽ വാക്സിൻ നൽകുന്നത്. ഇതിൽ മുൻകൂർ ബുക്ക് ചെയ്ത 30 പേർക്കും ബാക്കി 120 ഡോസ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നവർക്കും വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്. രണ്ടാം ഡോസ് സ്വീകരിക്കുന്നതിനായി മുൻകൂർ ബുക്കിങ് ആവശ്യമില്ലാത്തതിനാൽ രാവിലെ 6 മണി മുതൽ വാക്സിൻ വിതരണ കേന്ദ്രത്തിൽ എത്തിയവരുമുണ്ട്. 150 ഡോസ് വാക്സിൻ വിതരണം ചെയ്യുന്ന സെന്ററിൽ ഇതുവരെ മുന്നൂറിലധികം പേരാണ് എത്തിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിൽക്കുന്ന കാഴ്ച്ചയാണ് ആശുപത്രി പരിസരത്തു നിന്നും കാണാനാകുന്നത്. കൃത്യമായ നിർദേശങ്ങൾ നൽകാനോ മുൻഗണനാ ക്രമമനുസരിച്ച് കൃത്യമായ സംവിധാനങ്ങൾ ഒരുക്കാനോ അധികൃതർക്കായിട്ടില്ല.കോവിഡ് വ്യാപനം രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ ഒരു ചെറിയ അശ്രദ്ധ പോലും വൻ ദുരന്തത്തിന് കാരണമായേക്കാം. മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ വാക്സിൻ വിതരണ കേന്ദ്രങ്ങൾ കോവിഡ് വിതരണ കേന്ദ്രങ്ങളായി മാറും. നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങളും കൃത്യമായ ആസൂത്രണത്തിലൂടെ വാക്സിൻ വിതരണം ചെയ്യാൻ അധികൃതരും തയ്യാറാകണം.
വാക്സിൻ വിതരണം: ചങ്ങനാശ്ശേരിയിൽ വാക്സിൻ വിതരണ കേന്ദ്രത്തിൽ പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ല,വാക്സിനായി എത്തിയത് മുന്നൂറിലധികം പേർ.
