ഈരാറ്റുപേട്ട: കോട്ടയം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഈരാറ്റുപേട്ട മേഖലകളിലും സമീപ മലയോര മേഖലകളിലും കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈരാറ്റുപേട്ട റിംസ് ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കാൻ ജില്ലാ ഭരണകൂടം ഏറ്റെടുക്കണമെന്ന ആവശ്യമുയരുന്നു. രോഗബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. പാലാ ജനറൽ ആശുപത്രിയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ രോഗികൾ നിറഞ്ഞു. ഈ സാഹചര്യത്തിലാണ് ഈരാറ്റുപേട്ട റിംസ് ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കാൻ ജില്ലാ ഭരണകൂടം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നത്. ഈരാറ്റുപേട്ട മേഖലയിലുള്ളവർക്കും തീക്കോയി, തലനാട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തിടനാട് എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള കോവിഡ് രോഗബാധിതർക്ക് ആശുപത്രി ചികിത്സ ലഭ്യമാക്കുന്നതിന് ഏറ്റവും ഉപകാരപ്രദമാണ് ഈരാറ്റുപേട്ട റിംസ് ആശുപത്രി ജില്ലാ ഭരണകൂടം ഏറ്റെടുത്ത കോവിഡ് ആശുപത്രിയാക്കുന്നത്. ഈരാറ്റുപേട്ടയിൽ നിന്നും പാലാ ആശുപത്രിയിലേക്കോ കോട്ടയം ജനറൽ ആശുപത്രിയിലേക്കോ മെഡിക്കൽ കോളേജിലേക്കോ ആണ് അത്യാവശ്യ സന്ദർഭങ്ങളിൽ രോഗികളുമായി പോകാറുള്ളത്. കോവിഡ് സാഹചര്യത്തിൽ ഈരാറ്റുപേട്ടയിൽ ഒരു കോവിഡ് ആശുപത്രി സജ്ജമാണെങ്കിൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുമെന്നാണ് എല്ലാവരുടെയും വിലയിരുത്തൽ. 250 കിടകളുടെ സൗകര്യത്തോടെയായിരുന്നു ആശുപത്രി പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ നവംബറിൽ കോട്ടയം ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഈരാറ്റുപേട്ട റിംസ് ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കുന്നതിനായി അടിയന്തരമായി വിട്ടു നല്‍കാന്‍ ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ലിക്വിഡേഷന്‍ നടപടികള്‍ക്ക് വിധേയമായ ആശുപത്രി പ്രവാസികള്‍ക്കുള്ള ക്വാറന്റയിന്‍ കേന്ദ്രമായി മാത്രം ഉപയോഗിക്കുന്നതിന് കഴിഞ്ഞ മെയ് മാസത്തിലും ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. കോവിഡ് വ്യാപനം രൂക്ഷവുമായി തുടരുന്ന സാഹചര്യത്തിൽ ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കുന്നതിന് എത്രയും പെട്ടെന്നും നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.
ഈരാറ്റുപേട്ട റിംസ് ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കാൻ ജില്ലാ ഭരണകൂടം ഏറ്റെടുക്കണമെന്ന ആവശ്യമുയരുന്നു.
