കോട്ടയം: പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം 3,01,642 കോടി രൂപയാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
ഇടതു സർക്കാരിന്റെ തോന്നുംപടിയുള്ള അനാവശ്യ ചെലവുകൾ കാരണം ആണ് സംസ്ഥാനത്തെ പൊതു കടം വർധിച്ചത് എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഇടതു സർക്കാരിന്റെ മണ്ടൻ സാമ്പത്തിക നയം കാരണം ഓരോ മലയാളിയും ഇന്ന് 55,000 രൂപ കടക്കാരാണെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇടതുസർക്കാർ ചെലവിനു പണം കണ്ടെത്താനായി തോന്നിയ പോലെ കടമെടുത്തതാണ് കേരളത്തിന്റെ കടം മൂന്ന് ലക്ഷം കോടിയിൽ എത്താൻ പ്രധാന കാരണം എന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ പൊതുകടം 157370 കോടി രൂപയായിരുന്നു എന്നും ഇപ്പോൾ പൊതുകടം ഇരട്ടിയായി 301642 കോടി രൂപയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിടുകയാണ് പിണറായി സർക്കാർ ചെയ്തതെന്നും സമ്പൂർണ്ണമായി പരാജയപ്പെട്ട ധനകാര്യ മാനേജ്‌മെന്റായിരുന്നു ഇടത് സർക്കാരിന്റേതു എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
