ഏറ്റുമാനൂരിൽ ലതികാ സുഭാഷിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തകർക്ക് നേരെ ആക്രമണം.


ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ ലതികാ സുഭാഷിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തകർക്ക് നേരെ ആക്രമണം. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലതികാ സുഭാഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തകർക്കെതിരെ ഇന്നലെ കുമ്മനം കുളപ്പുരകടവ് ജംഗ്ഷനു സമീപമായിരുന്നു ആക്രമണം ഉണ്ടായത്.

ഇന്നലെ മേഖലയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിറങ്ങിയ കേരള ഷാഡോ മിനിസ്ട്രി,വുമൺ ഫോർ പൊളിറ്റിക്കൽ ജസ്റ്റിസ് പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത് എന്ന് ലതികാ സുഭാഷ് പറഞ്ഞു. ഭവനസന്ദർശനം നടത്തി നോട്ടീസുകളും ലഘുലേഖകളും വിതരണം ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശികളായ നാല് വിദ്യാർത്ഥികളെ ഇരുചക്രവാഹനങ്ങളിൽ എത്തിയ സംഘം മർദ്ദിക്കുകയായിരുന്നു.

തള്ളി താഴെയിട്ട ശേഷം ഇവരുടെ കയ്യിലുണ്ടായിരുന്ന പ്രചരണ സാമഗ്രികൾ പിടിച്ചു വാങ്ങി കുറേ കീറിക്കളയുകയും ബാക്കിയുള്ളവ കൊണ്ടു പോകുകയും ചെയ്തു. വാഹനങ്ങളുടെ നമ്പർ രേഖപ്പെടുത്താനോ ചിത്രമെടുക്കാനോ സമ്മതിക്കാതെ അര മണിക്കൂറോളം ഒരു ഇടവഴിയിൽ തടഞ്ഞു വെച്ച ശേഷം ഇനി ഈ വഴി കണ്ടാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയാണ്  ഇവരെ വിട്ടയച്ചത് എന്നും പ്രവർത്തകർ പറഞ്ഞു. കുളപ്പുരക്കടവ് പാലത്തിന് സമീപം താഴത്തങ്ങാടിയിൽ എത്തി ഓട്ടോയിൽ കയറും വരെ വിദ്യാർത്ഥികളെ സംഘം പിന്തുടർന്നു.

സംഭവത്തിൽ കോട്ടയം ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം തെരെഞ്ഞെടുപ്പ് ഏജൻ്റ് എം.പി. രമേശ് കുമാർ കുമരകം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും ലതികാ സുഭാഷ് പറഞ്ഞു. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ 1987 ലേതിന് സമാനമായ മത്സരമാണ് ഇപ്പോൾ നടക്കുന്നതെന്നും ഇത് പ്രബല രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും ഉറക്കം കെടുത്തുന്നുണ്ട് എന്നും ലതികാ സുഭാഷ് പറഞ്ഞു. വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻ്റ്, സ്വാഭിമാൻ പാർട്ടി, ബധിര മൂക സംഘടന, കേരള ഷാഡോ മിനിസ്ട്രി, വുമൺ ഫോർ പൊളിറ്റിക്കൽ ജസ്റ്റിസ്, കേരള വിശ്വകർമ്മ സഭ, തുടങ്ങി നിരവധി രാഷട്രീയേതര സംഘടനകൾ ലതികയ്ക്ക് പിന്തുണ നൽകുന്നുണ്ട്.

കൂടാതെ നിരവധി വനിതാ വോട്ടർമാരും മറ്റ് പാർട്ടി പ്രവർത്തകരും പിന്തുണ നൽകുന്നുണ്ട്. വിജയം സുനിശ്ചിതമാക്കിയ ലതികയുടെ ബോർഡുകളും പോസ്റ്ററുകളും നിയോജക മണ്ഡലത്തിൽ ഉടനീളം നശിപ്പിക്കുന്നതായി നേരത്തെ പരാതി ഉണ്ടായിരുന്നു.

പരാജയഭീതി പൂണ്ട എതിരാളികളാണ് ഇന്നത്തെ അക്രമണത്തിന് പിന്നിലെന്ന് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻ്റ് ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ജോർജ്ജ് ആൻഡ്രൂസും സെക്രട്ടറി ബേബിച്ചൻ മരുതനാടിയിലും ആരോപിച്ചു.