കോട്ടയം: 45 വയസ്സിനു മുകളിൽ പ്രായമുള്ള ഏല്ലാവർക്കും ഇന്ന് മുതൽ കോവിഡ് പ്രതിരോധ വാക്സിൻ നൽകും. എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുന്നതിന് ജില്ല സജ്ജമാണ് എന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു.
www.cowin.gov.in എന്ന പോര്‍ട്ടലില്‍ ഫോണ്‍ നമ്പറും ആധാര്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്ത് വാക്സിനേഷന്‍ കേന്ദ്രം തെരഞ്ഞെടുത്താണ് വാക്സിന്‍ സ്വീകരിക്കാന്‍ എത്തേണ്ടത്. ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് വാക്സിൻ വിതരണ കേന്ദ്രങ്ങളിലെത്തി നേരിട്ട് രജിസ്റ്റർ ചെയ്തു വാക്സിൻ സ്വീകരിക്കാവുന്നതാണ്. 45 ദിവസങ്ങൾക്കൊണ്ടു വാക്സിൻ വിതരണം പൂർത്തിയാക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്.
കൂടുതൽ വാക്സിനുകൾ എത്തുന്നതോടെ വിതരണ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കും. സർക്കാർ സ്വകാര്യ കേന്ദ്രങ്ങളിലായാണ് കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്യുന്നത്. സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായും സ്വകാര്യ കേന്ദ്രങ്ങളിൽ 250 രൂപയുമാണ് നിരക്ക്. ഏപ്രില്‍ 5 മുതല്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്സിനേഷന്‍ സൗകര്യമുണ്ടാകും. രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.
ഏപ്രില്‍ ഒന്നുമുതല്‍ നാലുവരെ അവധി ദിനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. ജനറല്‍, താലൂക്ക് ആശുപത്രികളിലും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിനങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ച്ചയില്‍ രണ്ടു ദിവസവും പ്രതിരോധ കുത്തിവയ്പ്പുണ്ട്. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്കൂളിലെ വാക്സിനേഷന്‍ കേന്ദ്രം ഞായറാഴ്ച്ച ഒഴികെ എല്ലാ ദിവസവും പ്രവര്‍ത്തിക്കും.
