അപവാദ പ്രചരണമല്ല വികസനമാണ് ചർച്ച ചെയ്യേണ്ടത്, ഏറ്റുമാനൂരിനയുള്ള വികസന കാഴ്ചപ്പാടുകൾ വ്യക്തമാക്കി ലതികാ സുഭാഷ്.


ഏറ്റുമാനൂർ : അപവാദപ്രചരണം അല്ല വികസനമാണ് ചർച്ച ചെയ്യേണ്ടത് എന്ന് ഏറ്റുമാനൂർ നിയോജക മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി ലതികാ സുഭാഷ് പറഞ്ഞു . ഏറ്റുമാനൂരിനായി എന്റെ വികസന കാഴ്ചപ്പാട് ഞാൻ വ്യക്തമാക്കുന്നു.
ഏറ്റുമാനൂർ താലൂക്ക് യഥാർഥ്യമാക്കും:

ജില്ലയുടെ രൂപീകരണത്തിന് ശേഷവും പിന്നീട് ഇടുക്കി ജില്ല രൂപീകരിച്ചതിന് ശേഷവും മറ്റ് പല താലൂക്കുകൾ കേരളത്തിൽ രൂപപ്പെട്ടപ്പോഴുമൊക്കെ ഏറ്റുമാനൂർ നിവാസികളുടെ ചിരകാല സ്വപ്നമായ സ്വതന്ത്ര ഏറ്റുമാനൂർ താലൂക്ക് എന്ന ആവശ്യം പരിഗണിക്കപ്പെടാതെ ഇന്നും അവശേഷിക്കുന്നു എന്നതാണ് യാഥാർഥ്യം.പ്രശസ്തമായ കോട്ടയം മെഡിക്കൽ കോളേജ്, മഹത്മാ ഗാന്ധി സർവകലാശാല ആസ്ഥാനം, കേരള ചുവർ ചിത്ര കലാ കേന്ദ്രം ആസ്ഥാനം,അന്തർദേശീ തലത്തിൽ പ്രശസ്തമായ ടൂറിസം ഹബ്ബായ കുമരകം, കുമരകം പക്ഷി സങ്കേതം,പ്രശസ്തമായ ഒരുപിടി കോളേജുകൾ, ആശുപത്രികൾ തുടങ്ങുയാവയെല്ലാം ഏറ്റുമാനൂർ മണ്ഡലത്തിലാണ്.

സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിലും വികസനത്തിലും കൂടുതൽ പങ്കാളിത്തം ലഭിക്കുവാനും സർക്കാരിന്റെ സേവനങ്ങൾ ജനങ്ങൾക്ക്‌ പ്രാപ്തമാകുവാനും ഏറ്റുമാനൂർ കേന്ദ്രീകരിച്ച്‌ സ്വതന്ത്ര താലൂക്ക് എന്ന ആവശ്യം ന്യായമാണ്. പ്രചാരണത്തിലുടനീളം നിരവധിയാളുകളാണ് ഇത്തരമൊരാവശ്യം എന്നോട് പങ്കുവച്ചത്.ഏറ്റുമാനൂരിനെ നിയമസഭയിൽ പ്രതിനിധീകരിക്കാൻ നിങ്ങൾ എനിക്ക് അവസരം നൽകിയാൽ ഞാൻ എന്റെ ശബ്ദം ആദ്യമുയർത്തുന്നത് ഏറ്റുമാനൂർ താലൂക്കിന് വേണ്ടിയായിരിക്കുമെന്ന് ഉറപ്പ് നൽകുന്നു.

കുടിവെള്ളക്ഷാമം പരിഹരിക്കും:

ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽപ്പെടുന്ന കുമരകം, ആർപ്പൂക്കര, അയ്മനം, നീണ്ടൂർ, തിരുവാർപ്പ് തുടങ്ങിയ പഞ്ചായത്തുകളിൽ സർവത്ര വെള്ളം ഉണ്ടെങ്കിലും ശുദ്ധമായ കുടിവെള്ളം ഇന്നും അന്യമാണ്. വീട്ടിലെ ആവശ്യങ്ങൾക്കും വസ്ത്രം കഴുകാനുമടക്കം ജനങ്ങൾ പൊതു ജല ശ്രോതസ്സുകളെയാണ് ഇന്നും ആശ്രയിക്കുന്നത്. വർഷകാലത്ത് ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാവുകയും ചെയ്യുന്നതാണ് യാഥാർഥ്യം. പൗരന്മാർക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയെന്നത് അവരുടെ അടിസ്ഥാന അവകാശമാണ്. ദാരിദ്ര്യത്തെ നിർണയിക്കുന്നതിൽ പോലും പ്രധാന ഘടകമായ കുടിവെള്ള ലഭ്യത നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. എല്ലാത്തരം ജനവിഭാഗങ്ങളെയും നേരിട്ട് ബാധിക്കുന്ന ഒരു പ്രശ്നമാണ് ശുദ്ധമായ കുടിവെള്ളക്ഷാമം. വർഷം മുഴുവൻ മണ്ഡലത്തിലുടനീളം ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയെന്നതാണ് എന്റെ പ്രഥമ വാഗ്ദാനവും പരിഗണന വിഷയവും.

ആരോഗ്യ മേഖലയിൽ സമഗ്ര വികസനം:

പ്രായമായ നമ്മുടെ മാതാപിതാക്കൾ നമുക്ക് പ്രിയപ്പെട്ടവർ തന്നെയാണ്, ഇന്നലകളിൽ നമുക്ക് വേണ്ടി യവ്വനം നൽകിയവർക്ക് നാം മുന്തിയ പരിഗണന തന്നെ നൽകണം. പ്രായമാകുംതോറും ധാരാളം രോഗങ്ങളും അവശതകളും അവർക്കുണ്ടാകാം, ചിലപ്പോൾ മാരകമായ രോഗങ്ങൾ മറ്റുചിലപ്പോൾ ഒറ്റപ്പെടൽ. പലപ്പോഴും വിശപ്പ് പ്രശ്നമാകാറുണ്ട്. ആരോഗ്യ സ്ഥിതി മോശമായതിനാൽ ആശുപത്രിയിൽ നേരിട്ട് പോകുന്നതിനും പരിമിതികൾ ഉണ്ടാകാറുമുണ്ട്. നാമുക്ക് അവരെ സഹായിക്കണം. അവരുടെ അവസാന കാലം വേദനരഹിതവും ആനന്ദകരവുമാക്കണം.ഞാൻ ഉറപ്പ് നൽകുന്നു, നിങ്ങൾ ഒരവസരം എനിക്ക് നൽകിയാൽ ഏറ്റുമാനൂർ മണ്ഡലത്തിൽ സമഗ്ര സാന്ത്വന പരിചരണ സംവിധാനം ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്തി കുറ്റമറ്റതാക്കും.

പാലിയേറ്റീവ് രോഗികൾക്കായി ആശുപത്രി വീട്ടിൽ എത്തുന്നതോടൊപ്പം നമ്മുടെ എല്ലാ ഗ്രാമീണ ആശുപത്രികളിലും ആംബുലൻസ് ഉറപ്പാക്കും. വർഷം മുഴുവൻ സൗജന്യമായി ആവശ്യ മരുന്നുകൾ, മുഴുവൻ പി എച് സി, സി എച് സി എന്നിവിടങ്ങളിൽ മോർഫിൻ ലഭ്യത,വീൽ ചെയർ അടക്കമുള്ള അസിസ്റ്റീവ് ഡിവൈസുകളുടെ ലഭ്യത, വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലങ്ങളിൽ മൊബൈൽ ക്ലിനിക്ക്, സാന്ത്വന പരിചരണത്തിൽ പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകരുടെ ലഭ്യത ഉറപ്പ് വരുത്തൽ തുടങ്ങിയവ എന്നിവ എന്റെ ലക്ഷ്യമാണ്. 

കായിക മേഖലക്ക് ഊന്നൽ:

ആരോഗ്യമുള്ള യുവത്വം നാടിന്റെ വികസനത്തിന്‌ അനിവാര്യമാണ്. എല്ലാ പഞ്ചായത്തുകളിലും ഓരോ മോഡൽ മൾട്ടി പർപ്പസ് ഗ്രൗണ്ട് വീതമെന്നുള്ളത് യുവാക്കളോടുള്ള എന്റെ വാഗ്ദാനമാണ്. ഫുട്ബോൾ, ക്രിക്കറ്റ്‌ തുടങ്ങിയ വിനോദങ്ങൾക്കായി പ്രധാന ഭാഗവും വോളീബോൾ, ഷട്ടൽ ബാഡ്മിന്റൺ തുടങ്ങിയവയ്ക്കായി ചെറിയ കോർട്ടുകളും കുറഞ്ഞത് ഇരുന്നൂറുമീറ്റർ അതിലറ്റിക്സ് ട്രാക്ക് അടക്കമുള്ള സൗകര്യങ്ങളും ഉണ്ടാകും. അതോടൊപ്പം  വികസിത രാജ്യങ്ങളിൽ കണ്ടുവരുന്ന ഓപ്പൺ ജിം സമ്പ്രദായവും കുട്ടികൾക്കായി അനുബന്ധ സൗകര്യങ്ങളും ഉറപ്പാക്കും. ഉയർന്നുവരട്ടെ നമ്മുടെ കുട്ടികൾ.

വയോജന സൗഹൃദ ഏറ്റുമാനൂർ:

മുതിർന്നവർ നാടിന്റെ ഐശ്വര്യമാണ്, അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഉൾപ്പെടുത്തുന്ന വികസന നയമാണ് എനിക്ക് മുന്നോട്ടുവെക്കാനുള്ളത്. ഉയർന്ന ജീവിത സാഹചര്യങ്ങൾ ഉള്ളതുകൊണ്ട് നമ്മുടെ ജനസംഖ്യയിൽ മുതിർന്നവരുടെ എണ്ണം ഉയർന്നുതന്നെയാണ്. അതൊകൊണ്ട് അവരുടെ ക്ഷേമം പ്രധാനമാണ്. അവസരം ലഭിച്ചെങ്കിൽ മണ്ഡലത്തിലെ സേവന മേഖലയിലുള്ള മുഴുവൻ സർക്കാർ അർദ്ധ സർക്കാർ പൊതുമേഖല, ബാങ്കിംഗ് ഓഫീസുകളും വയോജന സൗഹൃദമാക്കും. അതോടൊപ്പം ഇൻസ്റ്റിറ്റ്യൂഷണൽ സപ്പോർട്ട്, കൗൺസിലിംഗ്, ടെലി മെഡിസിൻ, കമ്മ്യൂണിറ്റി സപ്പോർട്ട് പ്രോഗ്രാം തുടങ്ങിയവ നടപ്പിലാക്കും.

ടൂറിസം മേഖലയിൽ പുത്തൻ ആശയങ്ങൾ:

ടൂറിസം ഏറ്റുമാനൂരിന്റെ ഒരു പ്രധാന വരുമാന സ്രോതസ്സാണ്. എന്നാൽ വേണ്ടവിധം ടൂറിസം സാധ്യത പ്രയോജനപ്പെടുത്താൻ കിഴിഞ്ഞിട്ടില്ല.

ദേശീയ ജല പാതയായ വേമ്പനാട്ടുകയാലിന്റെ അനന്തമായ സാധ്യത,മീനച്ചിലാർ,ഇടത്തോടുകൾ, കുമരകം പക്ഷി സങ്കേതം,ഹൗസ് ബോട്ടുകൾ, താഴത്തങ്ങാടി വള്ളംകളി തുടങ്ങിയവ എടുത്തുപറയേണ്ടവയാണ്.കുടമാളൂരിലെ കഥകളി കലാ പൈതൃകം, വിശുദ്ധ അൽഫോൺസാമ്മയുടെ ജന്മഗ്രഹം,വിശുദ്ധ ചാവറയച്ഛൻ തീർത്ഥാടന കേന്ദ്രം, മാന്നാനം പള്ളി, ഏഴരപ്പൊന്നാനയുടെ പ്രൗഡിയോടെ നിലകൊള്ളുന്ന ഏറ്റുമാനൂർ ക്ഷേത്രം, ചുവർ ചിത്ര കലാ കേന്ദ്രം ആസ്ഥാനം എന്നിവ വലിയൊരു സാധ്യതയാണ് ടൂറിസം ഭൂപടത്തിൽ ഏറ്റുമാനൂരിനായി കരുതിവച്ചിട്ടുള്ളത്.

മണ്ഡലത്തിലെ ടൂറിസം സാധ്യതകളെ കോർത്തിണക്കി ഗ്രാമീണ നഗര മേഖലകൾക്ക് തുല്യ പ്രാധാന്യം നൽകിക്കൊണ്ട് പരമാവധി സാധാരണക്കാർക്ക് വരുമാനം ലഭിക്കുന്ന തരത്തിൽ ഉത്തരവാദിത്ത സർക്യൂട്ട് ടൂറിസം പദ്ധതി ഏറ്റുമാനൂരിൽ നടപ്പിലാക്കാൻ ഇത്തവണ ഞാൻ തെരെഞ്ഞെടുക്കപ്പെട്ടാൽ മുന്നിലുണ്ടാകുമെന്ന് വാക്ക് തരുന്നു.

കാർഷിക മേഖലയിൽ ക്ലസ്റ്റർ വികസനം:

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ പ്രാധാന പങ്ക് വഹിക്കുന്ന മേഖലയാണ് കാർഷിക മേഖല. ഏറ്റുമാനൂരിൽ കർഷക മേഖല വളരെ ശക്തമാണ്. നെൽകൃഷി, പച്ചക്കറി കൃഷി, താറാവ്, കോഴി,ആട്, പശു, പോത്ത് വളർത്തൽ,മത്സ്യ കൃഷി എന്നിവ മുന്നിട്ട് നിൽക്കുന്നു. എന്നാൽ പാടശേഖര സമിതികളൊഴിച്ച്‌ അവ സംഘടിതമല്ല.

ഒറ്റക്ക് പോയാൽ ലഭിക്കാവുന്നതിൽ കൂടുതൽ പരിഗണന സംഘമായി മുന്നോട്ട് പോയാൽ ലഭിക്കുമെന്നുള്ളതാണ് അടിസ്ഥാന തത്ത്വം. കർഷകരുടെ ഉത്പന്നങ്ങൾക്ക്‌ ന്യായമായ വിലയും വിപണിയും ഉറപ്പ് വരുത്തേണ്ടതുണ്ട്.

കർഷകരുടെ ആവശ്യങ്ങൾക്ക് മുന്നിൽ തല തിരിക്കലല്ല എന്റെ നയം. അവർ ശക്തരാണ്, കൂടുതൽ ശക്തി അവരുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം നൽകുമെന്നതിൽ ഒരു സംശയവുമില്ല.മണ്ഡലത്തിലെ അസംഘടിതരായ ചെറുകിട കർഷകരെ കോർത്തിണക്കി ഓരോ മേഖലയിലും ക്ലസ്റ്ററുകൾ രൂപീകരിച്ച് അവർക്കാവശ്യമായ നൂതന ആശയങ്ങൾ, സാമൂഹിക, സാമ്പത്തിക, വിപണന, ടെക്നോളജി പിന്തുണയോടുകൂടിയുള്ള പുത്തൻ കാർഷിക സംസ്‍കാരമൊരുക്കാൻ ആവശ്യമായ നടപടികൾ മുൻഗണന ക്രമത്തിൽ നടത്തും. അതിനായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കും.ഇന്നോവേഷൻ അസ്പെക്റ്റ് അതിൽ ഒരു പ്രധാന ഘടകം ആയിരിക്കും.

നമ്മുടെ മേഖലയിൽ മാത്രമുള്ള അരി, താറാവ്, മുട്ട, കരിമീൻ തുടങ്ങിയവക്ക് ഭൗമ സൂചിക പദവി ലഭ്യമാക്കുക തുടങ്ങിയവ ഏറ്റുമാനൂരിനായി ഞാൻ കരുതിവച്ചിട്ടുള്ള സ്വപ്ന പദ്ധതികളിൽ ചിലതാണ്‌. ബ്രഹത്തായ ഏറ്റുമാനൂർ കാർഷിക വിപണി മറ്റൊരു സ്വപ്നമാണ്. ദാരിദ്ര്യം ലഘുകരിക്കുക വഴി സമഗ്രമായ ഏറ്റുമാനൂരിന്റെ വികസനമാണ് ഞാൻ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം.

ഏറ്റുമാനൂർ ബസ് സ്റ്റാൻഡ് വികസനം:

ദിനംപ്രതി നൂറുകണക്കിന് ബസുകൾ വന്നുപോകുന്ന ഏറ്റുമാനൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് അവഗണനയിൽ വീർപ്പുമുട്ടുകയാണ്. ഒരു ബസ് സ്റ്റാൻഡിൽ വേണ്ട അടിസ്ഥാന സൗകര്യങ്ങളിൽ പലതും ഇവിടെ ഇന്നും അന്യമാണ്. ബസുകളുടെ കൃത്യമായ സമയ ക്രമം അറിയുന്നതിനുള്ള ബോർഡുകൾ, ആവശ്യത്തിന് ഇരിപ്പിടങ്ങൾ, വൃത്തിയുള്ളതും സുരക്ഷിതവുമായ ശുചിമുറികൾ തുടങ്ങിയവയുടെ അപര്യാപ്തതാ എടുത്തുപറയേണ്ടതാണ്. അതുപോലെ രാത്രിയായാൽ സെക്യൂരിറ്റി സേവനവുമില്ല ബസുകൾ സ്റ്റാൻഡിൽ കയറത്തുമില്ല.

മലയോര മേഖലയുടെ പ്രവേശനകവാടമായി കണക്കാക്കാൻ കഴിയുന്ന ഏറ്റുമാനൂരിൽ മെഡിക്കൽ കോളേജ്, കുട്ടികളുടെ ആശുപത്രി, മഹാത്മാ ഗാന്ധി സർവകലാശാല തുടങ്ങിയവയുടെ സാന്നിധ്യം മൂലം ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് പൊതുഗതാഗത സംവിധാനമെന്ന നിലയിൽ കെ എസ് ആർ ടി സി സർവീസുകളെയും സ്റ്റാൻഡും ഉപയോഗപ്പെടുത്തുന്നത്.

ഏറ്റുമാനൂർ നഗര വികസനത്തിന്റെ ഭാഗമായി കെ എസ് ആർ ടി സി സ്റ്റാൻഡ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി പൊതുജനങ്ങളിൽ നിന്നടക്കം അഭിപ്രായങ്ങൾ തേടിയതിന് ശേഷം നിലവിലുള്ള സൗകര്യങ്ങളും അസൗകര്യങ്ങളും മനസ്സിലാക്കി കൃത്യമായി ഗ്യാപ് അനാലിസിസ് നടത്തും. ഡി പി ആർ  തയ്യാറാക്കി തുടർന്ന് ആവശ്യമായ ആധുനികവത്കരണം നടത്തും.

തിരെഞ്ഞെടുക്കപ്പെട്ടാൽ ഈ പ്രക്രിയ  മൂന്ന് വർഷം കൊണ്ട് പൂർത്തീകരിക്കുവാൻ കഴിയുമെന്ന് കരുതുന്നു. കെ എസ് ആർ ടി സി സ്റ്റാൻഡിന്റെ ആധുനികവത്കരണം കഴിയുന്നതോടുകൂടി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

യുവാക്കൾക്കും വനിതകൾക്കുമായി ചെറുകിട സൂക്ഷ്മ സംരംഭങ്ങൾ:

കേരളത്തിൽ വൻകിട വ്യവസായശാലകൾ വളരെ കുറവാണ്. എന്നാൽ വ്യവസായ മേഖലയിലെ ഈ കുറവ് പരിഹരിക്കുന്നത് ആയിരക്കണക്കിനുള്ള ചെറുകിട സൂക്ഷ്മ സംരംഭങ്ങളാണ്. പതിനായിരക്കണക്കിന് ആളുകളാണ് ഈ മേഖലയിൽ തൊഴിലെടുക്കുന്നത്. കൂടുതലും സ്ത്രീകൾ. പലപ്പോഴും ഇത്തരം സംരംഭങ്ങൾ വേണ്ടവിധ ത്തിൽ മുൻപോട്ട് കൊണ്ടുപോകാൻ കഴിയാറില്ല.ലാഭാകരമായ രീതിയിൽ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, ആധുനിക സാങ്കേതിക വിദ്യയുടെ കുറവ്, ലൈസൻസ് സംബന്ധമായ പ്രശ്നങ്ങൾ, ലോൺ ലഭിക്കാനുള്ള താമസം, സ്കിൽഡ് ആയിട്ടുള്ള തൊഴിലാളികളുടെ അഭാവം, വിപണന സാധ്യതയിലെ കുറവുകൾ തുടങ്ങിയവയാണ് ഈ മേഖലയിൽ ഉള്ളവർ പ്രധാനമായും നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ.

ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കും.പ്രദേശികമായി ഓരോ പ്രദേശത്തിനും യോജിച്ച ചില പ്രവർത്തനങ്ങൾ അല്ലെങ്കിൽ തൊഴിൽ സാഹചര്യങ്ങൾ നിലവിലുണ്ട്. അത്തരം സാധ്യതകളെ കണ്ടെത്തി സമാന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരെ, പ്രധാനമായും വനിതകളെ ഉൾപ്പെടുത്തി മണ്ഡലത്തിലെ ഓരോ തദ്ദേശ സ്ഥാപന പരിധിയിലും ഓരോ കൺസേർഷ്യമായി രൂപകരിച്ച് അവയെ ചെറുകിട സൂക്ഷ്മ സംരംഭക ക്ലസ്റ്ററുകൾ ആക്കുക വഴി മണ്ഡലത്തിലെ വനിതകൾക്ക് ഒരു സ്ഥിരം തൊഴിലും വരുമാനവും ഉറപ്പുവരുത്തുവാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.കുടുംബശ്രീയുടെ സാധ്യതേയും ഇതിനായി പ്രയോജനപ്പെടുത്തും. അതുവഴി മണ്ഡലത്തിലെ വനിതകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യവും നിറവേറ്റപ്പെടും.

വിദ്യാഭ്യാസ മേഖല:

മഹാത്മാ ഗാന്ധി സർവകലാശാലയുടെ സാധ്യത ഉപയോഗപ്പെടുത്തി ഏറ്റുമാനൂരിൽ തൊഴിൽ നൈപുണ്യ കേന്ദ്രവും മികവിന്റെ കേന്ദ്രവും ആരംഭിക്കും. റൂറൽ ഇന്നോവേഷൻ പ്രോത്സാഹനം നൽകുന്നതോടൊപ്പം വിദ്യാർത്ഥികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനായി ഇന്നോവേഷൻ ഹബ്ബും  സ്ഥാപിക്കും. സ്റ്റാർട്ടപ്പുകൾക്ക് ഊന്നൽ അതുപോലെ മണ്ഡലത്തിലെ അംഗൻവാടികൾ ഹൈ ടെക്ക് ആക്കും. മുഴുവൻ സ്കൂളുകളിലും ഡിജിറ്റൽ ലേണിങ് സൗകര്യം, ഏറ്റുമാനൂർ ഗവണ്മെന്റ് ഐ ടി ഐ ക്കായി വികസന മാസ്റ്റർ പ്ലാൻ എന്നിവയാണ് എടുത്തുപറയേണ്ട പദ്ധതികളായി ഞാൻ ലക്ഷ്യം വയ്ക്കുന്നത്.