നമ്മുടെ നിരത്തുകളിൽ ദിവസേന പൊലിയുന്നത് നിരവധി ജീവനുകളാണ്. ഒരു നിമിഷത്തെ അശ്രദ്ധക്ക് വിലയായി നൽകേണ്ടി വരുന്നത് ഒരു ജീവനാണ്. ഓരോ ജീവനും വിലപ്പെട്ടതാണ്. നമ്മുടെ നിരത്തുകളിൽ പ്രതിദിനം ചെറുതും വലുതുമായ വാഹനങ്ങളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇത്രയും വാഹനപ്പെരുപ്പത്തെ താങ്ങാൻ ശേഷിയില്ലാത്ത റോഡുകളാണ് മിക്ക മേഖലകളിലുമുള്ളത്.
ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും നമ്മൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ. കൂടുതൽ കരുതലും സുരക്ഷയും നമ്മൾ നൽകിയേ മതിയാകു. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ സ്ത്രീകൾ പൊതുവെ ഒരു വശം ചെരിഞ്ഞിരുന്നാണ് യാത്ര ചെയ്യുന്നത്. ഇത് ഒരു തെറ്റായ രീതിയാണ്. പെട്ടെന്നുണ്ടാകുന്ന വാഹനത്തിന്റെ നിയന്ത്രണ നഷ്ടത്തിൽ അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതാണ് ഈ രീതിയിലുള്ള ഇരിപ്പ്. സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ പുരുഷന്മാർ ഇരിക്കുന്നത് പോലെ കാലുകൾ ഇരുവശത്തേക്കുമിട്ട് ഇരിക്കുന്നതാണ് ഉത്തമം.
ചരിഞ്ഞിരിക്കുന്ന അവസ്ഥയിൽ വാഹനം നിയന്ത്രണം വിടുകയോ മറിയുകയോ ചെയ്‌താൽ റോഡിലേക്ക് മറിയാനുള്ള സാധ്യതയും എതിർ ദിശയിലേക്ക് അതായത് വാഹനത്തിന്റെ വലതു വശത്തേക്കുമാറിയാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ വലതു വശത്തേക്ക് വീണാൽ മറ്റു വാഹനങ്ങൾ മൂലം അപകടം സംഭവിക്കാനുള്ള സാധ്യത 99 ശതമാനമാണ്. സാരി,ചുരിദാർ തുടങ്ങി തലപ്പുകളോ ഷാളോ നീണ്ടു കിടക്കുന്ന വസ്ത്രങ്ങൾ ധരിക്കുമ്പോൾ അവ ഒതുക്കി ധരിക്കാൻ ശ്രദ്ധിക്കണം. വസ്ത്രത്തിന്റെ നീളം കൂടുതലായി വരുന്ന ഭാഗം ഇരുചക്ര വാഹനത്തിന്റെ പിൻ ടയറിൽ കുരുങ്ങാനും അപകടം സംഭവിക്കാനും സാധ്യതയുണ്ട്. ടോറസ്,ബസ്,ലോറി തുടങ്ങി വലിയ വാഹനങ്ങളെ ഒരിക്കലും ഇടതു വശം വഴി മറികടക്കാൻ ശ്രമിക്കരുത്. വലതു വശം വഴി മറികടക്കുമ്പോഴും മുന്നിൽ പോകുന്ന വലിയ വാഹനത്തിന്റെ ഡ്രൈവറിൽ നിന്നും സിഗ്നൽ കിട്ടിയ ശേഷം മാത്രമോ അതല്ലെങ്കിൽ വലിയ വാഹനത്തിന്റെ ഡ്രൈവർ നമ്മുടെ വാഹനം കണ്ടു എന്ന് ഉറപ്പാക്കിയതിനു ശേഷമോ മാത്രം മറികടക്കാൻ ശ്രദ്ധിക്കണം.
വലിയ വാഹനത്തിന്റെ ബ്ലൈൻഡ് സ്പോട്ടുകൾ നമ്മൾ പ്രത്യേകം അറിഞ്ഞിരിക്കണം. കാരണം ഈ ഭാഗത്തെ കാഴ്ച്ചകൾ വലിയ വാഹനത്തിന്റെ ഡ്രൈവർക്ക് കാണാൻ സാധിക്കുന്നതല്ല. വാഹനത്തിന്റെ വശങ്ങളോട് ചേർന്നുള്ള കാഴ്ചകൾ, തൊട്ടു പുറകിലുള്ള കാഴ്ചകൾ,തൊട്ടു മുൻപിലുള്ള കാഴ്ചകൾ എന്നിവയാണവ. ട്രാഫിക് സിഗ്നൽ കാത്തു കിടക്കുന്ന വലിയ വാഹനങ്ങളെ ഇടതു വശത്തു കൂടി കയറി സിഗ്നലിൽ വാഹനത്തിന്റെ മുൻപിലായും വശത്തായും കാത്തു നിൽക്കരുത്. കാരണം ഈ ഭാഗത്തെ കാഴ്ച്ചകൾ ഡ്രൈവർക്ക് കാണാൻ സാധിക്കുന്നതല്ല.
വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന മിറർ വഴി ഒരു പരിധിയിൽ കൂടുതൽ കാര്യങ്ങൾ ഡ്രൈവർക്ക് വ്യക്തമായി കാണാൻ കഴിയുന്നതല്ല. ഈ ഭാഗങ്ങളിൽ കാൽനടയാത്രക്കാർക്കും മറ്റു വാഹനങ്ങളുണ്ടെങ്കിൽ അവയ്ക്കും അപകടം സംഭവിക്കാവുന്നതാണ്. മറ്റു വാഹനങ്ങളെ മറികടക്കുമ്പോൾ എതിരെ നിന്നും വാഹനങ്ങൾ വരുന്നില്ലെന്നും യഥാസമയം വാഹനത്തെ മറികടക്കാൻ സാധിക്കുന്നതുമായ സാഹചര്യങ്ങളിൽ മാത്രമേ വാഹനങ്ങളെ മറികടക്കാവൂ. കഴിവതും പെട്ടന്നുള്ള ബ്രെക്കിങ് പെട്ടന്നുള്ള വശങ്ങളിലെ വ്യത്യാസം എന്നിവ അപകടം വിളിച്ചു വരുത്തും.
വലിയ വാഹനങ്ങൾ പിന്നിലായി എത്തുമ്പോൾ കഴിവതും അവയെ നമ്മുടെ സുരക്ഷ ഉറപ്പാക്കി കടത്തി വിടാൻ ശ്രദ്ധിക്കുക. ഇരുചക്ര വാഹന യാത്രയിലുടനീളം ഹെൽമെറ്റ് ധരിക്കണം. അശ്രദ്ധമായ ഡ്രൈവിങ്ങും അമിത വേഗതയും അപകടം വിളിച്ചു വരുത്തും. വാഹനത്തിന്റെ പ്രവർത്തന ക്ഷമത എപ്പോഴും ഉറപ്പുവരുത്തുന്നത് ഉത്തമമാണ്.