എരുമേലി: അമ്പലവും പള്ളിയും അഭിമുഖമായുള്ള എരുമേലി ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതികമാണ് എന്ന് കോണ്ഗ്രസ്സ് ദേശീയ നേതാവും എംപി യുമായ രാഹുൽ ഗാന്ധി പറഞ്ഞു. പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ടോമി കല്ലാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എരുമേലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ചരിത്രത്തിൽ ആദ്യമായി എരുമേലിയിൽ എത്തിയ ദേശീയ നേതാവിനെ കാണാൻ പതിനായിരങ്ങളാണ് എരുമേലിയിൽ തടിച്ചു കൂടിയത്. യുഡിഎഫ് സ്ഥാനാർഥി ടോമി കല്ലാനിക്കൊപ്പം റോഡ് ഷോയിലും രാഹുൽ ഗാന്ധി പങ്കെടുത്തു. വർഷങ്ങളുടെ അനുഭവ പരിജ്ഞാനമുള്ള വ്യക്തിയാണ് യുഡിഎഫ് സ്ഥാനാർഥി ടോമി കല്ലാനിയെന്നും അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാൽ ന്യായ് പദ്ധതി നടപ്പിലാക്കുമെന്നും 6000 രൂപ വീതം ഒരു മാസം എന്ന കണക്കിൽ ഒരു വർഷം 72000 രൂപ നൽകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജനങ്ങളുടെ പണം കേന്ദ്ര സംസ്ഥാന സർക്കാരുകൾ പോക്കറ്റിലിടുകയാണ്. ഇന്ധനമില്ലാത്ത വാഹനത്തിൽ ആക്സിലറേറ്റർ അമർത്തിക്കൊണ്ടിരിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി എരുമേലിയിൽ പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ഐക്യത്തെ തകർത്ത് വിദ്വേഷം പരത്താനാണ് മോദിയും ആർഎസ്എസ്സും ശ്രമിക്കുന്നത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കാൻ പിണറായി സർക്കാരിന് കഴിഞ്ഞില്ല.
സാധാരണക്കാരായ ജനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ്. കൂടുതൽ തൊഴിലാസരങ്ങൾ സൃഷ്ട്ടിക്കും,സമ്പത്ത് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും രാഹുൽ ഗാന്ധി എരുമേലിയിൽ പറഞ്ഞു.
