പാലാ നഗരസഭയിൽ കയ്യാങ്കളി ;ഭരണപക്ഷ കൗൺസിലർമാർ തമ്മിലടിച്ചു,പരിക്ക്.


പാലാ: പാലാ നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിലടിച്ചു. കൗൺസിൽ യോഗത്തിനിടെയാണ് കേരള കോൺഗ്രസ് (എം) കൗൺസിലർ ബൈജു കൊല്ലംപറമ്പിലും സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടവും തമ്മിൽ വാക്കേറ്റവും തുടർന്ന് കയ്യാങ്കളിയും ഉണ്ടായത്.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി യോഗം ചേർന്നത് തന്നെ അറിയിക്കാതെയാണെന്നു ആരോപിച്ചു സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കരയോട് പരാതി ബോധിപ്പിക്കുകയായിരുന്നു. കാര്യങ്ങൾ വ്യക്തമായി അന്വേഷിച്ച ശേഷം മറുപടി നൽകാമെന്ന് ചെയർമാൻ മറുപടി നൽകുകയും ചെയ്തു. ഇതിനിടെയാണ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായ ബൈജു കൊല്ലംപറമ്പിൽ ബിനുവിന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി യോഗം ചേരുന്നത് സംബന്ധിച്ച് കത്തു നൽകിയെന്ന് അറിയിച്ചത്.

തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമായി,കയ്യാങ്കളിയിൽ ഇരുവർക്കും പരിക്കേറ്റിട്ടുണ്ട്. തർക്കം രൂക്ഷമായി തമ്മിലടിയായതോടെ കൗൺസിൽ യോഗം പിരിച്ചു വിടുന്നതായി ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അറിയിക്കുകയായിരുന്നു. പരിക്കേറ്റ കൗൺസിലർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരളാ കോൺഗ്രസ്സ് എം വിഭാഗവും സിപിഎം വിഭാഗവും ഇതിനിടെ ചേരി തിരിഞ്ഞു വെല്ലുവിളിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന്റെ നിർണ്ണായക ദിവസങ്ങൾ അടുത്തതോടെ കേരളാ കോൺഗ്രസ്സ് എം  സിപിഎം ഭിന്നത വെല്ലുവിളി സൃഷ്ടിക്കുകയാണ്.