ഈരാറ്റുപേട്ടയിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം. ജോലിക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം. ഈരാറ്റുപേട്ട എംഇഎസ് കവലയില്‍ നിന്നും നടയ്ക്കലിലേയ്ക്കുള്ള റോഡില്‍ പ്രവർത്തിക്കുന്ന അപ്‌ഹോള്‍സ്റ്ററി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്. 

ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് കെട്ടിടത്തിൽ തീ പടർന്നു പിടിച്ചത്. തീ പിടിക്കാൻ കാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല. അപ്‌ഹോള്‍സ്റ്ററി വർക്കുകൾക്കൊപ്പം സോഫ,കുഷ്യൻ എന്നിവയുടെ നിർമ്മാണവും നടന്നു വന്നിരുന്ന രണ്ടു നില കെട്ടിടത്തിനാണ് തീ പിടിച്ചത്. തീ പടർന്നു പിടിക്കുമ്പോൾ ജോലിക്കാരും വ്യാപാര സ്ഥാപനത്തിനുള്ളിൽ ഉണ്ടായിരുന്നു.

ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നോളം യൂണിറ്റ് അഗ്നി രക്ഷാ സേന വാഹനങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ മറ്റു സ്ഥാപനങ്ങളിലേക്ക് ഒന്നും തീ പടർന്നു പിടിക്കാഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. അപ്‌ഹോള്‍സ്റ്ററിവസ്തുക്കളും സോഫ,കുഷ്യൻ നിർമ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കളും തീ വേഗത്തിൽ പിടിക്കുന്നതായതിനാൽ തീ ആളിപ്പടരുകയായിരുന്നു.

ഇഞ്ചക്കാട്ട് ജലീൽ,നടുവിലെത്തു താഹ എന്നിവരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് തീ പിടിത്തം ഉണ്ടായത്.