രാഷ്ട്രീയവും ഗ്രൂപ്പുകളിയും അറിയില്ലാത്ത സാധാരക്കാരായ ആളുകളുടെ പിന്തുണയും സ്നേഹവും ആണ് എന്റെ കരുത്ത്;ലതികാ സുഭാഷ്.


ഏറ്റുമാനൂർ:രാഷ്ട്രീയവും ഗ്രൂപ്പുകളിയും അറിയില്ലാത്ത സാധാരക്കാരായ ആളുകളുടെ പിന്തുണയും സ്നേഹവും ആണ് തന്റെ കരുത്ത് എന്ന് ഏറ്റുമാനൂർ നിയോജക മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി ലതികാ സുഭാഷ് പറഞ്ഞു. സാധാരണക്കാർക്ക് വേണ്ടി അവരുടെ ശബ്ദമാകാനായി നിയമസഭയിലേക്ക് ഒരവസരമാണ് സമ്മതിദായകരോട് താൻ അഭ്യർത്ഥിക്കുന്നത് എന്നും ലതികാ സുഭാഷ് പറഞ്ഞു.

യുഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന തനിക്കെതിരെ നിരവധി ദുഷ്പ്രചാരണങ്ങളാണ് നടക്കുന്നതെന്നും നിലവാരമില്ലാത്ത വ്യക്തിഹത്യകൾക്ക് മറുപടി പറയാത്തത് ഭീരുത്വം കൊണ്ടല്ല മുഴുവൻ ശ്രദ്ധയും തെരഞ്ഞെടുപ്പ് വിജയത്തിലായതിനാലാണ് എന്നും ലതികാ സുഭാഷ് പറഞ്ഞു. തന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കുന്നതായും ലതികാ സുഭാഷ് ആരോപിച്ചു.

വൺ ഇന്ത്യ വൺ പെൻഷനൊപ്പം വിമന്‍ ഫോര്‍ പൊളിറ്റിക്കല്‍ ജസ്റ്റിസ് പ്രവർത്തകരും ലതികാ സുഭാഷിന് പിന്തുണ നൽകി രംഗത്ത് സജീവമാണ്. ഇന്ന് മുതൽ പ്രവർത്തകർ വീടുകളിൽ നേരിട്ടെത്തി വോട്ടഭ്യർത്ഥിക്കും. ആർപ്പൂക്കര ഗ്രാമപഞ്ചായത്തിലാണ് ഇന്ന് ലതികാ സുഭാഷിന്റെ തെരഞ്ഞെടുപ്പ് പര്യടനം നടക്കുന്നത്. 

''ഒഴുക്കാൻ ലക്ഷങ്ങൾ ഇല്ല, പിന്തുണക്കാൻ ഹെലികോപ്ടറിൽ എത്തുന്ന നേതാക്കൾ ഇല്ല, കൊടി തോരണങ്ങൾ ഇല്ല, കൈമുതലായുള്ളത് മൂന്ന് പതിറ്റാണ്ടായി സംശുദ്ധതയോടെ നടത്തിയ പൊതുപ്രവർത്തന പരിചയവും സാധാരണക്കാർക്ക് വേണ്ടി എന്നും നിലകൊള്ളും എന്ന ഒരു ഉറച്ച മനസ്സും മാത്രം''.-ലതികാ സുഭാഷ്.