കേരളാ കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്ക് ചിഹ്നത്തിൽ തീരുമാനമായില്ല,ട്രാക്ടർ ഓടിക്കുന്ന കർഷകന് ആവശ്യമുന്നയിച്ച് മറ്റൊരു പാർട്ടിയും.


കോട്ടയം: കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗം പി സി തോമസ് വിഭാഗവുമായി ലയിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ചിഹ്നത്തിന്റെ കാര്യത്തിൽ തീരുമാനമായില്ല. ട്രാക്ടർ ഓടിക്കുന്ന കർഷകൻ എന്ന ചിഹ്നം പാർട്ടി ആവശ്യപ്പെട്ടെങ്കിലും ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ മറ്റൊരു പാർട്ടി കൂടി ഈ ചിഹ്നം ആവശ്യപ്പെട്ടു രംഗത്തുണ്ട്. ക്രിസ്ത്യൻ സെക്കുലർ പാർട്ടിയാണ് ഈ ചിഹ്നം ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റു മണ്ഡലങ്ങളിൽ ഒരിടത്തും ഈ ചിഹ്നം ആവശ്യപ്പെട്ടു സ്ഥാനാർത്ഥികളോ പാർട്ടികളോ രംഗത്തെത്തിയിട്ടില്ല. ട്രാക്ടർ ഓടിക്കുന്ന കർഷകൻ കേരളാ കോൺഗ്രസ്സിന് ലഭിച്ചേക്കാനാണ് സാധ്യത. ഒരു ചിഹ്നത്തിനായി രണ്ടു പാർട്ടികൾ ആവശ്യമുന്നയിച്ചാൽ നറുക്കിടുകയാണ് രീതിയെന്ന് രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞു. ട്രാക്ടർ ഓടിക്കുന്ന കർഷകൻ ലഭിക്കാതെ വന്നാൽ തെങ്ങിൻ തോപ്പോ ഫുട്‌ബോളോ ആയിരിക്കും ലഭിക്കുക.