കെ ആർ രാജൻ ഇടത് മുന്നണിയിലേക്ക്,കാഞ്ഞിരപ്പള്ളിയിൽ ജയരാജിന്റെ വിജയത്തിനായി പ്രവർത്തിക്കും.


കാഞ്ഞിരപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് നിർണ്ണയ സമയത്ത് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഉയർന്നു കേട്ട പേരായിരുന്നു കെ ആർ രാജന്റേത്. എന്നാൽ പിന്നീടുണ്ടായ രാഷ്ട്രീയ നിലപാടുകളിൽ കോൺഗ്രസ്സ് കെ ആർ രാജന് സീറ്റ് നിഷേധിക്കുകയായിരുന്നു.

എൻഎസ്എസ്സിന്റെ മാനവ വിഭവ ശേഷി വകുപ്പ് മേധാവിയായിരുന്ന ഇദ്ദേഹം സ്ഥാനം രാജി വെച്ചത് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിക്കാനാണെന്നു അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. കെഎസ് യു മുൻ സംസ്ഥാന പ്രസിഡന്റും യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്നു കെ ആർ രാജൻ.

എൻസിപി യിൽ ചേർന്ന് ഇടത് മുന്നണിയിൽ പ്രവർത്തിക്കുമെന്നും കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ.എൻ ജയരാജിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനക്ഷേമത്തിനും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ വികസന തുടർച്ചയ്ക്കും ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.