പാലാ: കേരളം ഒരു തുടർഭരണത്തിലേക്ക് നിസ്സംശയം നീങ്ങുകയാണ് എന്ന് കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്സ് എം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി 12 സീറ്റുകളിലാണ് മത്സരിക്കുന്നത്.
ഈ മണ്ഡലങ്ങളിൽ എല്ലാം തന്നെ പാർട്ടിയുടെ ശക്തരായ സ്ഥാനാർത്ഥികളാണ് മാറ്റുരക്കുന്നത്. യുവത്വത്തിനും അനുഭവസമ്പത്തിനും ഒരുപോലെ പ്രാധാന്യം നൽകിയാണ് ഇത്തവണ എൽ ഡി എഫിലെ സ്ഥാനാർഥി നിർണ്ണയം നടന്നത് എന്നും ജോസ് കെ മാണി പാലായിൽ പറഞ്ഞു. എല്ലാ ആപത് ഘട്ടങ്ങളിലും ജനങ്ങളെ ചേർത്തുപിടിച്ച ഇടതുപക്ഷ സർക്കാരിന്റെ തുടർച്ച ജനം ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോയപ്പോഴും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കരുതലിലാണ് ജനങ്ങൾ വിശ്വാസമർപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു. പാലാ നിയോജക മണ്ഡലത്തിൽ പ്രചാരണത്തിൽ സജീവമാണ് ജോസ് കെ മാണി. കാരൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ ജോസ് കെ മാണി പര്യടനം നടത്തി. പരമാവധിയാളുകളെ നേരിൽകണ്ട് വോട്ടഭ്യർത്ഥിക്കുകയാണ് ജോസ് കെ മാണി.
