തെരഞ്ഞെടുപ്പുകളിലെ ചുവരെഴുത്തിന്റെ കഥ പറഞ്ഞു ജയൻ അഥീന.


എരുമേലി: തെരഞ്ഞെടുപ്പ് കാലമെത്തിയാൽ ചുവരെഴുത്ത് കലാകാരന്മാർക്ക് വിശ്രമമില്ലാത്ത സമയങ്ങളാണ്. പതിനഞ്ചു വർഷത്തോളമായി ചുവരെഴുത്ത് മേഖലയിൽ പ്രവർത്തിക്കുന്ന കലാകാരനായ ജയൻ അഥീന കോട്ടയം എരുമേലി സ്വദേശിയാണ്. സംസ്ഥാനത്തിനകത്ത് നിരവധി സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വിവിധ സ്ഥാനാർഥികൾക്കായി ചുവരെഴുതിയിട്ടുണ്ട് ഈ കാലാകാരൻ.

തദ്ദേശ സ്ഥാപനങ്ങളിലേക്കും നിയമസഭാ,ലോക്സഭാ തെരഞ്ഞെടുപ്പുകളും ഉൾപ്പടെ നിരവധി തെരഞ്ഞെടുപ്പുകളിൽ ചുവരെഴുത്തിൽ വർണ്ണവിസ്മയം തീർത്ത കലാകാരനാണ് ജയൻ അഥീന. തെരഞ്ഞെടുപ്പ് കാലമാണ് ചുവരെഴുത്ത് കലാകാരന്മാരുടെ സുവർണ്ണകാലം. ഓടിയെത്താൻ സാധിക്കാത്ത അത്രകണ്ട് വർക്കുകൾ ലഭിക്കും,എല്ലാം സമയബന്ധിതമായി പൂർത്തിയാക്കേണ്ടതനിനാൽ രാത്രി വളരെ വൈകി വരെയും ജോലി ചെയ്യാറുണ്ടെന്നും ജയൻ പറഞ്ഞു. നിരവധി കലാകാരന്മാർ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ജയൻ പറഞ്ഞു. എല്ലാ മുന്നണികളുടെയും സ്ഥാനാർഥികൾക്കായി ചുവരെഴുതുമ്പോഴും സിപിഎമ്മിൽ അടിയുറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ് ജയൻ.

ഇടക്കാലംകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഫ്‌ളക്‌സും പ്ലാസ്റ്റിക്ക് നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചുള്ള ബാനറുകളും എത്തിയപ്പോൾ കുറച്ചു വർക്കുകൾ കുറഞ്ഞിരുന്നു. എന്നാൽ ഹരിത ചട്ടം നിലവിൽ വന്നതോടെ വീണ്ടും ചുവരെഴുത്തുകൾക്ക് പഴയ പ്രതാപം തിരികെയെത്തിയതായും ജയൻ പറഞ്ഞു. നവമാധ്യമങ്ങൾ ജനങ്ങൾക്കിടയിൽ സ്ഥാനമുറപ്പിച്ചതോടെ പരസ്യങ്ങളും മറ്റും കമ്പനികളും ഓൺലൈനിലേക്ക് മാറ്റിയതായി ജയൻ പറയുന്നു.

കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു വിവിധ സ്ഥാനാർഥികൾക്കായി ചുവരെഴുത്തുകൾ പൂർത്തിയാക്കിക്കഴിഞ്ഞിരിക്കുകയാണ് ജയൻ. പോസ്റ്ററുകളും നോട്ടീസുകളും ഇദ്ദേഹം ഡിസൈൻ ചെയ്യാറുണ്ട്. നിരവധി കലാകാരന്മാർ അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്നുണ്ട്. എരുമേലി നെടുങ്കാവ് വയൽ തോപ്പിൽ വീട്ടിൽ തങ്കച്ചന്റെയും തങ്കമ്മയുടെയും മകനാണ് ജയൻ അഥീന.