ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്‍റെ ഓ‌ർമ്മ പുതുക്കി നാളെ ഓശാന ഞായർ,ക്രൈസ്തവർ വിശുദ്ധ വാരത്തിലേക്ക്.


കോട്ടയം: ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്‍റെ ഓ‌ർമ്മ പുതുക്കി നാളെ ഓശാന ഞായർ. ഓശാന ഞായർ ആചാരണത്തോടെ ക്രൈസ്തവർ വിശുദ്ധ വാരത്തിലേക്ക് കടക്കുകയാണ്. അൻപത് നോമ്പിന്റെയും പ്രാത്ഥനയുടെയും ആരാധനയുടെയും പ്രധാന ചടങ്ങുകളിലേക്ക് ക്രൈസ്തവർ പ്രവേശിക്കുകയാണ്.

ജില്ലയിലെ ദേവാലയങ്ങളിൽ കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചാണ് ചടങ്ങുകൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കുരുത്തോല തിരുനാളിനോടനുബന്ധിച്ച് ദേവാലയങ്ങളിൽ ശുശ്രൂഷയും പ്രദിക്ഷിണവും നടത്തപ്പെടും. വിവിധ ദേവാലയങ്ങളിൽ കുടുംബ കൂട്ടായ്മ അടിസ്ഥാനത്തിൽ സമയക്രമം നിശ്ചയിച്ചു നൽകി വിശുദ്ധ കുർബാനയും കുരുത്തോല തിരുനാൾ കർമ്മങ്ങളും നടത്തപ്പെടുന്നുണ്ട്. പെസഹാ വ്യാഴം രാവിലെ പെസഹാ തിരുക്കർമ്മങ്ങളും കാൽ കഴുകൽ ശുശ്രൂഷകളും നടത്തപ്പെടും.

പീഡാനുഭവ സ്മരണകളോടെ ദുഖവെള്ളിയാഴ്ച്ചത്തെ തിരുക്കർമ്മങ്ങളും കുരിശിന്റെ വഴിയും കോവിഡ് മാർഗ്ഗ നിർദേശങ്ങൾ പാലിച്ചു നടത്തും. ദുഃഖശനിയാഴ്ച്ച തിരുക്കർമ്മങ്ങളിൽ പുത്തൻ തീയും പുത്തൻ വെള്ളവും വിചാരിച്ചു വിശ്വാസികൾക്ക് നൽകും. ഉയിർപ്പ് തിരുക്കർമ്മങ്ങളിൽ പാതിരാ കുർബ്ബാനയും പതിവ് പോലെയുള്ള രാവിലെ കുർബ്ബാനയും ദേവാലയങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്.