എരുമേലി: എരുമേലിയിൽ വ്യാജവാറ്റ് പിടികൂടാനെത്തിയ എക്സൈസ് ഓഫീസറെ വെട്ടിപ്പരിക്കേൽപിച്ചു. എരുമേലി ഏയ്ഞ്ചൽവാലിയിലായിരുന്നു സംഭവം. വ്യാജവാറ്റിനുപയോഗിക്കുന്ന വാഷ് സൂക്ഷിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച്ച ഉച്ചയോടു കൂടി ഏയ്ഞ്ചൽവാലി സ്വദേശിയായ അനിൽ എന്നയാളുടെ വീട്ടിൽ എക്സൈസ് സംഘവും പോലീസ് സംഘവും എത്തുകയായിരുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധെപ്പെട്ടു സംയുക്ത സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടന്നു വരികയായിരുന്നു. പരിശോധനയ്ക്കായി എത്തിയ എക്സൈസ് സംഘത്തിലെ ഉദ്യോഗസ്ഥനായ മാമ്മൻ സാമുവേൽ അനിലിന്റെ വീടിന്റെ മുകൾ ഭാഗത്ത് ഏണി ഉപയോഗിച്ച് കയറുകയും പരിശോധനയിൽ വാഷ് സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. തുടർന്ന് വിവരം മറ്റു സഹപ്രവർത്തകരെ അറിയിക്കുന്നതിനായി താഴേക്ക് ഇറങ്ങുന്നതിനിടെയാണ് അനിൽ വാക്കത്തിയും റബർ ടാപ്പിംഗ് കത്തിയുമുപയോഗിച്ച് എക്സൈസ് ഉദ്യോഗസ്ഥനെ പുറകിൽ നിന്നും വെട്ടി പരിക്കേൽപ്പിച്ചത്.
മാമ്മൻ സാമുവേലിന്റെ തലയ്ക്ക് പുറകിൽ വാക്കത്തി കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം ഇയാൾ കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. എരുമേലി എക്സൈസും പോലീസും സംയുക്തമായി പ്രതിക്കുവേണ്ടി ഉള്ള തിരച്ചിൽ തുടരുകയാണ്. സംഭവ സ്ഥലത്തു നിന്നും സംഘം 230 ലിറ്റർ വാഷും പിടികൂടി. ആക്രമണത്തിൽ പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
